പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും അതിക്രമത്തിന് മുതിരുകയും ചെയ്ത കേസിൽ യുവാവിനെ പന്തളം പൊലീസ് പിടികൂടി. കുളനട കിഴക്കേ ഇടവട്ടം സേതു (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 22 നാണ് കേസിന് ആസ്പദമായ സംഭവം. റോഡിലൂടെ നടന്നുപോയ കുട്ടിയോട് പ്രതി ലൈംഗികച്ചുവയോടെ സംസാരിക്കുകയും, കുട്ടി തിരിച്ചുവരുന്നതുവരെ കാത്തിരുന്ന് വീണ്ടും അതിക്രമത്തിന് മുതിരുകയും ചെയ്തു. അടിപിടി, കഞ്ചാവ് ഉപയോഗം, പൊതുശല്യമുണ്ടാക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഇയാൾ സംഭവശേഷം ഒളിവിൽപോയി. ആക്രമണകാരിയായ പ്രതിയെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് സാഹസികമായാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അടൂർ ഡിവൈ.എസ്.പി ആർ.ജയരാജിന്റെ നിർദേശപ്രകാരം എസ്.ഐ കെ.ആർ രാജേഷ്‌കുമാർ, സി.പി.ഓമാരായ എസ്.അൻവർഷ, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |