മോഹൻലാലിന്റെ എമ്പുരാൻ സിനിമയാണ് ചർച്ച. തീയേറ്ററുകളിൽ തിരക്കോടു തിരക്ക്. ടിക്കറ്റ് കിട്ടാനില്ല. പക്ഷേ മലയാള സിനിമാ ചരിത്രത്തിൽ ഇടം പിടിച്ച അടൂർ ശാന്തം. അടൂരിൽ സിനിമാ തീയേറ്ററില്ല. അടൂർ ഭാസി മുതൽ അടൂർ ഗോപാലകൃഷ്ണൻ വരെ ജനിച്ച മണ്ണാണ്. പക്ഷേ ഇപ്പോൾ സിനിമാ കാണണമെങ്കിൽ പത്തനംതിട്ടയിലോ പന്തളത്തോ പത്തനാപുരത്തോ എത്തണം. അടൂരിലെ സിനിമാ തീയേറ്ററുകൾ പൂട്ടിയിട്ട് മാസങ്ങളായി. നാട്ടിൽ സിനിമാ തീയേറ്ററില്ലാത്തത് വലിയ സംഭവമൊന്നുമല്ല. സ്വന്തം നാട്ടിൽ തന്നെ സിനിമ കാണണമെന്നില്ല. വണ്ടിയും വള്ളവുമില്ലാത്ത പഴയ കാലമല്ല ഇപ്പോൾ. എവിടെപ്പോയി വേണമെങ്കിലും സിനിമ കാണാം. ടി.വിയും മൊബൈൽ ഫോണും വന്നതോടെ തീയേറ്ററുകൾ പലതും പൂട്ടി. പക്ഷേ അടൂരിൽ സിനിമാ തീയേറ്ററില്ലെന്ന് പറയുമ്പോൾ അതിലൊരു അത്ഭുതമുണ്ടാകുക സ്വാഭാവികം. അത്രയ്ക്കുണ്ട് അടൂരിന്റെ സിനിമാ ബന്ധം. അടൂർ ഭാസി, അടൂർ ഭവാനി, അടൂർ പങ്കജം, അടൂർ ഗോപാലകൃഷ്ണൻ എന്നിങ്ങനെയുള്ള പേരുകളിലൂടെ അടൂർ വെള്ളിത്തിരയിൽ പത്രാസുകാട്ടിയതാണ്. ഡോ.ബിജുവിനെപ്പോലെ ശ്രദ്ധേയരായ സംവിധായകരും ചലച്ചിത്ര പ്രതിഭകളും വേറെ. ഇവരുടെ പേരു പറഞ്ഞാണ് സിനിമാ ചരിത്രത്തിൽ അടൂർ അർമാദിക്കുന്നത്. തീയേറ്റർ മാത്രമല്ല അടൂരിൽ ഇല്ലാത്തത്. കലയിലും സാഹിത്യത്തിലും അടയാളങ്ങൾ പതിച്ച് മൺമറഞ്ഞ പ്രതിഭകൾ പലരുണ്ട് ഈ നാട്ടിൽ . പക്ഷേ അവരുടെ ഓർമ്മകൾ നിലനിറുത്താൻ ശ്രദ്ധേയമായ ഒരു സ്മാരകമില്ല. മലയാളികളെ ചിരിപ്പിച്ച അടൂർ ഭാസിയുടെ പേരിൽ തുടക്കമിട്ട സ്മാരക മന്ദിരം തുടക്കത്തിലേ തന്നെ പൂട്ടിപ്പോയെന്ന് കേൾക്കുമ്പോൾ നമുക്കു ചിരിവരും. അടൂർ ഗോപാലകൃഷ്ണന്റെയും അടൂർ ഭവാനിയുടെയും പേരിൽ റോഡുണ്ടെന്നത് മറക്കുന്നില്ല. ഹാസ്യ സാഹിത്യകാരൻ ഇ.വി കൃഷ്ണപിള്ളയുടെ പേര് ലൈബ്രറിയുടെ പേരിലുമുണ്ട്. അതുമതിയോ. അതുകൊണ്ട് അവസാനിക്കേണ്ടതാണോ അടൂരിലെ ആ മഹാപ്രതിഭകളുടെ സ്മരണ. ഇങ്ങനെയും കുറേപ്പേർ ഇവിടെ ജീവിച്ചിരുന്നെന്നും അവരാണ് ഈ നാടിന് തെളിച്ചം നൽകിയതെന്നും പുതിയകാലത്തെ ഒാർമ്മിപ്പിക്കുന്നത് സ്മാരകങ്ങളും സ്മാരക വേദികളുമാണ്. സാംസ്കാരിക വകുപ്പും ജില്ലാ ഭരണകൂടവുമൊക്കെ ഈ നാടിനെ ശ്രദ്ധിക്കേണ്ടതല്ലേ.
കലയിലും സാഹിത്യത്തിലും അടയാളങ്ങൾ പതിച്ച് മൺമറഞ്ഞ പ്രതിഭകൾ പലരുണ്ട് അടൂരിൽ. പക്ഷേ അവരുടെ ഒാർമ്മകൾ നിലനിറുത്താൻ ശ്രദ്ധേയമായ ഒരു സ്മാരകമില്ല. മലയാളികളെ ചിരിപ്പിച്ച അടൂർ ഭാസിയുടെ പേരിൽ തുടക്കമിട്ട സ്മാരക മന്ദിരം തുടക്കത്തിലേ തന്നെ പൂട്ടിപ്പോയെന്ന് കേൾക്കുമ്പോൾ നമുക്കു ചിരിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |