പത്തനംതിട്ട : പൊതുവിദ്യാഭ്യാസ മേഖലയുടെ അക്കാദമിക് മികവിനും ഗുണനിലവാരത്തിനുമായി സമഗ്ര ഗുണമേന്മ പദ്ധതി ജില്ലയിൽ നടപ്പാക്കുന്നു. അവധിക്കാലത്തും കുട്ടികളെ നിരന്തരം പിന്തുടരുകയും അവരുടെ പഠനപ്രവർത്തനം നിരീക്ഷിക്കുകയും വേണമെന്നാണ് നിർദേശം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം
പ ത്തനംതിട്ട മാർത്തോമ്മ എച്ച്.എസ്.എസിൽ നടക്കും.
പദ്ധതിയുടെ ഭാഗമായി വാർഷിക പരീക്ഷയിൽ മൂല്യ നിർണയം നടത്തും. ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസുവരെ പരീക്ഷ എഴുതിയവരെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായി സ്‌കൂളിൽ വിളിച്ചുവരുത്തി പരീക്ഷാ പേപ്പർ നൽകും. രക്ഷാകർത്താക്കളോടൊപ്പം കുട്ടികളെ ക്ലാസ് പി.ടി.എകളിലേക്കു വിളിച്ചുവരുത്തും. കുട്ടികളുടെ തെറ്റുകൾ രക്ഷിതാക്കളും വിലയിരുത്താൻ മൂല്യനിർണയത്തിൽ അവരേയും ഉൾപ്പെടുത്തും. ഓൾ പാസ് നിറുത്തലാക്കിയതിനാൽ എട്ട്, ഒൻപത് ക്ലാസുകളിലെ മൂല്യ നിർണയം സങ്കീർണമായിരിക്കും.
പദ്ധതിയുടെ ലക്ഷ്യം
അക്കാദമിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിച്ച്
ഗുണമേന്മ ഉറപ്പുവരുത്തുക.
മൂല്യനിർണയ രീതി പരിഷ്‌കരിച്ച് സമഗ്രമായി നടപ്പിലാക്കുക.
സാങ്കേതികവിദ്യ സൗഹൃദ ക്ലാസ് റൂം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക.
ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുക.
അദ്ധ്യാപക പരിശീലനം ഉറപ്പുവരുത്തുക.
അദ്ധ്യാപകർക്ക് ക്ലസ്റ്റർ യോഗം
സമഗ്ര ഗുണമേന്മ പദ്ധതിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി അദ്ധ്യാപകർക്ക് ക്ലസ്റ്റർ യോഗങ്ങളുമുണ്ട്. പദ്ധതി ഏത് രീതിയിൽ വിപുലപ്പെടുത്താവുന്നതടക്കമുള്ള പരിശീലനങ്ങൾ നൽകും. മാറുന്ന കാലത്തെ കുട്ടികളോട് ഇടപെടേണ്ട രീതികൾ, പഠനത്തിനായുള്ള സഹായ പ്രവർത്തനങ്ങൾ, പരിഷ്കരിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള പഠനം എന്നിവയും പരിശീലനത്തിലുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |