കാലം 1860. പന്തളത്ത് ഒരു സമരം നടന്നു. മുക്കൂത്തി സമരം. കേരളത്തിൽ അയിത്തവും അനാചാരങ്ങളും അരങ്ങുവാഴുന്ന കാലമാണ്. അതിനെതിരെ സമരങ്ങളും നടക്കുന്നു. അക്കാലത്ത് പന്തളം ചന്തയിൽ വന്ന പിന്നാക്ക ജാതിയിൽപ്പെട്ട സ്ത്രീകളുടെ മൂക്കുത്തി ജൻമികളുടെ ഗുണ്ടകൾ വലിച്ചു പറിച്ചുകളഞ്ഞു. ഇതിനെതിരെ ആറാട്ടുപുഴ വേലായുധ പണിക്കരുടെ നേതൃത്വത്തിൽ ഒരു കുട്ട നിറയെ മുക്കൂത്തിയുമായി കുളനട മുതൽ പന്തളം വരെ ജാഥയായി നടന്ന് എല്ലാ സ്ത്രീകൾക്കും മൂക്കുത്തി നൽകി പ്രതിഷേധിച്ചതാണ് മുക്കൂത്തി സമരം. ഇതുമാത്രമല്ല ,അടിച്ചമർത്തലുകൾക്കെതിരെ ശക്തമായ നിരവധി പോരാട്ടങ്ങൾ നടന്ന നാടാണിത്. കേരളത്തിന്റെ നവോത്ഥാന കാലത്ത് സമരങ്ങളിലൂടെയും പരിഷ്കരണങ്ങളിലൂടെയും നമ്മുടെ നാടും അടയാളപ്പെട്ടതിന്റെ ചരിത്രം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ ജില്ലാ വിജ്ഞാനീയത്തിൽ കാണാം. അധികമാരും ശ്രദ്ധിക്കാതെ പോയതോ അറിയപ്പെടാതെ കിടന്നതോ ആയ ചരിത്രവഴികളെക്കുറിച്ച് ഇൗ പുസ്തകം പറയുന്നുണ്ട്.
ആറൻമുള സ്വദേശിയായ കുറുമ്പൻ ദൈവത്താൻ 1924ൽ പുലയരെ സംഘടിപ്പിച്ച് പ്രതിഷധത്തെ അതിജീവിച്ച് ചെങ്ങന്നൂർ ക്ഷേത്രത്തിൽ പ്രവേശനം നടത്തിയത് മുതൽ മേൽജാതിക്കാരുടെ പിഡനങ്ങളും അവഗണനയുമേറ്റ് അതിനെതിരെ പോരാടിയ പൊയ്കയിൽ കുമാര ഗുരുദേവന്റെ ചരിത്രം വരെ പുസ്തകത്തിലുണ്ട്. സ്കൂളിൽ പ്രവേശിക്കാനെത്തിയ പുലയക്കുട്ടികളെ തല്ലിയോടിച്ച് സവർണർ തീവച്ച സ്കൂൾ പുല്ലാട്ടായിരുന്നു. അടിമ വ്യാപാരം നടന്ന നാടുകൂടിയാണിത്. കേരളത്തിലെ അവസാനത്തെ അടിമയായ യിരമ്യാവ് മല്ലപ്പള്ളി സ്വദേശിയാണ്. ചരിത്രം മാത്രമല്ല, കലയിലും സാഹിത്യത്തിലും ആദ്ധ്യാത്മിതകയിലുമെല്ലാമുള്ള പത്തനംതിട്ടയുടെ തിളക്കമാർന്ന സാംസ്കാരിക സാന്നിദ്ധ്യം പറയുന്നു ജില്ലാ വിജ്ഞാനീയം എന്ന പുസ്തകം.
അഡ്വ. ഒാമല്ലൂർ ശങ്കരൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ജില്ലയുടെ ചരിത്രം അടയാളപ്പെടുത്താൻ തുടക്കമിട്ട പദ്ധതിയാണ് പുസ്തക രൂപത്തിലായത്. ജില്ലയിലെ ചരിത്രകാരൻമാർ, സാഹിത്യകാരൻമാർ, വിദ്യാഭ്യാസ പ്രവർത്തകർ, തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ദ്ധരെ വിളിച്ചുചേർത്ത് ദീർഘ നാളത്തെ ശ്രമഫലമായാണ് ഇൗ ചരിത്ര രേഖ തയ്യാറാക്കിയത്. കേരളത്തിൽ ആദ്യമായാണ് ഒരു ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇത്ര സമഗ്രമായ പ്രാദേശിക ചരിത്ര രചന നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുസ്തകമെത്തിക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം.
അഡ്വ. ഒാമല്ലൂർ ശങ്കരൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ജില്ലയുടെ ചരിത്രം അടയാളപ്പെടുത്താൻ തുടക്കമിട്ട പദ്ധതിയാണ് ജില്ലാ വിജ്ഞാനിയം എന്ന പുസ്തകമായത്. ജില്ലയിലെ ചരിത്രകാരൻമാർ, സാഹിത്യകാരൻമാർ, വിദ്യാഭ്യാസ പ്രവർത്തകർ, തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ദ്ധരെ വിളിച്ചുചേർത്ത് ദീർഘ നാളത്തെ ശ്രമഫലമായാണ് ഇൗ ചരിത്ര രേഖ തയ്യാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |