തിരുവല്ല : സർവചരാചരങ്ങളെയും ഒന്നായി കാണുന്ന സനാതന ധർമ്മത്തിന്റെ പ്രയോക്താവാണ് ഗുരുദേവനെന്ന് എസ്.എൻ.ഡി.പിയോഗം കൗൺസിലർ പി.ടി. മന്മഥൻ പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 16-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനിൽ നാലാംദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകൾക്ക് മുമ്പേ സത്യത്തെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്ത ഋഷിവര്യന്മാർ ജീവിച്ചിരുന്ന സ്ഥലമാണ് ഭാരതം. അവർ വെളിപ്പെടുത്തിയതാണ് യഥാർത്ഥ സനാതന ധർമ്മം. ജീവനുള്ള സർവ്വചരാചരങ്ങളിലും ഒരേസത്യത്തെ കാണാൻ ആർക്ക് കഴിയുന്നുവോ അവരാണ് സനാതധർമ്മം പറയാൻ അവകാശമുള്ളവർ. വിവേചനങ്ങളില്ലാതെ എല്ലാവരെയും ഒരേപോലെ കാണാനുള്ള സമദർശനങ്ങൾ ആർക്കുണ്ടോ എന്നതാണ് സനാതന ധർമ്മത്തിന്റെ മുഖമുദ്ര. എന്നാൽ ഇക്കാലത്ത് സനാതന ധർമ്മം പറഞ്ഞു നടക്കുന്നവരാണ് ഏറ്റവുമധികം ജാതി മേധാവിത്വം കാണിക്കാൻ പരിശ്രമിക്കുന്നത് എന്നത് തിരിച്ചറിയണം. നീയും ഞാനും ഒന്നാണെന്ന് ഉദ്‌ഘോഷിക്കുന്ന ശബരിമലയിൽ പോലും ഇക്കാലത്ത് മേൽശാന്തി നിയമനത്തിൽ ജാതിവിവേചനമാണ് നടക്കുന്നത്. കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിമേൽക്കോഴ്മ നാടിന് അപമാനമാണ്. ചരിത്രത്തെ ഉൾപ്പെടെ വികൃതമായി ചിത്രീകരിക്കാനാണ് സ്ഥാപിത താൽപ്പര്യക്കാർ ഇന്നും ശ്രമിക്കുന്നത്. ഗുരുവിനെ അറിയാൻ ഗുരുദേവകൃതികൾ ഹൃദിസ്ഥമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ല യൂണിയൻ അഡ്‌മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ സംഘടനാ സന്ദേശം നൽകി. പ്രമോദ് നാരായണൻ എം.എൽ.എ മുഖ്യാതിഥിയായി. കൺവെൻഷൻ വർക്കിംഗ് ചെയർമാൻ സന്തോഷ് ഐക്കരപ്പറമ്പിൽ, സ്വാഗതസംഘം കൺവീനർ അഡ്വ.അനീഷ്.വി.എസ്, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ അനീഷ് ആനന്ദ്, പെൻഷൻ കൗൺസിൽ കൺവീനർ പത്മജ സാബു, യൂണിയൻ എംപ്ലോയീസ് ഫോറം കൺവീനർ സന്തോഷ്.എസ്, വൈദികയോഗം സെക്രട്ടറി സുജിത്ത് ശാന്തി എന്നിവർ പ്രസംഗിച്ചു. ഡോ.പൽപ്പു മേഖല ചെയർമാൻ ഷാജി കെ.കെ., കൺവീനർ സുഭാഷ് എം.ആർ, വൈസ് ചെയർമാൻ സാബു വി.എസ്, ജോയിന്റ് കൺവീനർ ദിപിൻ ദിവാകരൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജ്ഞാനസ്വരൂപനായ പരംപൊരുൾ എന്ന വിഷയത്തിൽ തൃപ്പൂണിത്തുറ ഗവ.സംസ്കൃത കോളേജ് അസി.പ്രൊഫസർ മാതാ നിത്യചിന്മയി പ്രഭാഷണം നടത്തി.
കൺവെൻഷൻ ഇന്ന് സമാപിക്കും
മനയ്ക്കച്ചിറയിൽ മണിമലയാറിന്റെ തീരത്ത് നാലുദിനങ്ങളായി ആത്മീയവെളിച്ചം പകർന്നു നൽകിയ ശ്രീനാരായണ കൺവെൻഷൻ ഇന്ന് സമാപിക്കും. രാവിലെ 9ന് ശാന്തിഹവനം, വിശ്വശാന്തി പ്രാർത്ഥന. 10ന് ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് കൺവെൻഷൻ അഞ്ചാംദിനം ഉദ്ഘാടനം ചെയ്യും. തുടർന്ന് യോഗവും ഗുരുത്വവും എന്ന വിഷയത്തിൽ യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റ് സജീഷ് കുമാർ മണലേൽ, ഗുരുവിന്റെ വിശ്വമാനവിക ദർശനം എന്ന വിഷയത്തിൽ ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ എന്നിവർ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2ന് സമാപനസമ്മേളനം ദേവസ്വംമന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. മാത്യു റ്റി.തോമസ് എം.എൽ.എ വിശിഷ്‌ടാതിഥിയാകും. മാന്നാർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |