വാതിൽ ജാമായി, യാത്രക്കാരെ പുറത്തെത്തിച്ചത് ബസ് വെട്ടിപ്പൊളിച്ച്
പന്തളം : എം.സി റോഡിൽ പന്തളം ജംഗ്ഷനിൽ ടൂറിസ്റ്റ് ബസ്, സ്വകാര്യ ബസിന് പിന്നിൽ ഇടിച്ചുകയറിയത് പരിഭ്രാന്തി സൃഷ്ടിച്ചു. വാതിൽ ജാമായി പതിനഞ്ചുമിനിറ്റോളം ടൂറിസ്റ്റ് ബസിൽ കുടുങ്ങിയ യാത്രക്കാരെ ഫയർഫോഴ്സ് എത്തി ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് അപകടം.
കൊല്ലത്ത് നിന്ന് ഊട്ടിയിലേക്ക് വിനോദ സഞ്ചാരത്തിന് പോയവരുമായി മടങ്ങുകയായിരുന്നു ടൂറിസ്റ്റ് ബസ്. മാവേലിക്കര - പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പിന്നിലാണ് ഇടിച്ചുകയറിയത്. ടൂറിസ്റ്റ് ബസിന്റെ മുൻഭാഗം തകർന്നു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 45 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ഇവർക്ക് നിസാര പരിക്കേറ്റു. സ്വകാര്യ ബസിലെ യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. ക്രെയിൻ ഉപയോഗിച്ച് ടൂറിസ്റ്റ് ബസ് വലിച്ചു മാറ്റിയ ശേഷമാണ് എം.സി റോഡിൽ ഗതാഗതം പുനസ്ഥാപിച്ചത്. അടൂർ ഫയർസ്റ്റേഷനിലെ സീനിയർ റെസ്‌ക്യൂ ഓഫീസർ അജിഖാൻ യൂസുഫ്, റെസ്‌ക്യൂ ഓഫീസർമാരായ കൃഷ്ണകുമാർ, അരുൺജിത്ത്, സന്തോഷ്, സന്തോഷ് ജോർജ്, ഹരിലാൽ, രാജേഷ്, ശ്രീകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |