കോന്നി : ജനവാസമേഖലയിലെ വന്യജീവി ആക്രമണത്തിന് പരിഹാരമില്ല. കോന്നി വനംഡിവിഷൻ പരിധിയിൽ കഴിഞ്ഞ 10 വർഷത്തിനിടെ കാട്ടുമൃഗങ്ങൾ കൊന്നത് 20 പേരെ. പരിക്കേറ്റത് 350 പേർക്കും. കഴിഞ്ഞ വർഷം മാർച്ചിലാണ് തേക്കുതോട് ഏഴാന്തല പുളിഞ്ചാൽ വനത്തിൽ മീൻപിടിക്കാൻ പോയ ഏഴാന്തല ഇടയിലെപറമ്പിൽ ഓമനക്കുട്ടനെ കാട്ടാന ചവിട്ടിക്കൊന്നത്. മൃതദേഹത്തിന് അരികിൽ നിലയുറപ്പിച്ച കൊമ്പനെ മണിക്കൂറുകൾക്ക് ശേഷം പടക്കംപൊട്ടിച്ച് തുരത്തുകയായിരുന്നു.
എട്ടു വർഷങ്ങൾക്ക് മുൻപ് പൊന്നാമ്പു ശേഖരിക്കാൻ കൊക്കാത്തോട് വനത്തിൽ കയറിയ രവിയെ കടുവ കൊന്നുതിന്നത് മലയോര നിവാസികളെ ഭയപ്പെടുത്തിയ സംഭവമായിരുന്നു. രവിയുടെ തല കടിച്ചെടുത്ത നിലയിൽ ഒരുകൈയും കാലും മാത്രമേ അവശേഷിച്ചിരുന്നുള്ളു. വനംവകുപ്പും ഫോറൻസിക്ക് വിഭാഗവും നടത്തിയ പരിശോധനയിലാണ് കടുവയുടെ ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്. 2020ൽ തണ്ണിത്തോട് മേടപ്പാറയിൽ ടാപ്പിംഗ് തൊഴിലാളി ബിനീഷ് മാത്യുവിനെ കടുവ കൊന്നു. ജോലി കഴിഞ്ഞു റബർത്തോട്ടത്തിൽ വിശ്രമിക്കുമ്പോഴാണ് ആക്രമണം. 2022 ൽ കൊക്കാത്തോട് നെല്ലിക്കപ്പാറ വടക്കേച്ചെരുവിൽ ഷാജിയെ കാട്ടാന കൊലപ്പെടുത്തി. ആദിവാസികൾക്കൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ കാട് കയറുകയായിരുന്നു. 2022 ലാണ് തണ്ണിത്തോട് മേടപ്പാറയിൽ കാട്ടുതേനിച്ചയുടെ ആക്രമണത്തിൽ ചെന്നാപ്പാറ അഭിലാഷ് മരിച്ചത്. ടാപ്പിംഗ് തൊഴിലാളിയായിരുന്ന അഭിലാഷ് തോട്ടത്തിലിരുന്നു ഭക്ഷണം കഴിക്കുമ്പോൾ കാട്ടുതേനീച്ചകൾ ആക്രമിക്കുകയായിരുന്നു. മണ്ണിറയിലെ കർഷകന് നേരെ 2019ൽ കരടിയുടെ ആക്രമണം ഉണ്ടായെങ്കിലും രക്ഷപ്പെട്ടു. കഴിഞ്ഞ 10 വർഷത്തിനിടയിൽ വിഷപാമ്പുകളുടെ കടിയേറ്റ് 14 പേരാണ് മരിച്ചത്. കാട്ടുപൂച്ചയുടെയും കാട്ടുപന്നിയുടെയും ആക്രമണത്തിൽ ഓരോ ജീവനും നഷ്ടമായി. കാട്ടാനയുടെയും കടുവയുടെയും ആക്രമണത്തിൽ രണ്ടുപേർ വീതവും മരിച്ചു.
വേണം ആർ.ആർ.ടി
കോന്നി വനം ഡിവിഷനിൽ ആർ ആർ ടി പ്രവർത്തനം ആരംഭിക്കാൻ സർക്കാർ തീരുമാനം ഉണ്ടായിരുന്നു. എന്നാൽ കോന്നിയിൽ ഇപ്പോഴും പ്രവർത്തിക്കുന്നത് വനംവകുപ്പിന്റെ സ്ട്രൈക്കിംഗ് ഫോഴ്സ് ആണ്. ജില്ലയിൽ റാന്നി ഫോറസ്റ്റ് ഡിവിഷനിലാണ് ആർ.ആർ.ടി പ്രവർത്തിക്കുന്നത്. കോന്നിയിൽ അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ ഈ സംഘത്തെയാണ് ആശ്രയിക്കുന്നത്.
നഷ്ടപരിഹാരം ലഭിച്ചില്ല
സംസ്ഥാനത്ത് 2012 മുതൽ വന്യജീവി ആക്രമണത്തിൽ മരിച്ചവരിൽ പകുതിയോളം പേർക്കും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ല. അപേക്ഷ നൽകാത്തതോ, കൃത്യമായ രേഖകൾ അപേക്ഷയ്ക്കൊപ്പം ഇല്ലാത്തതോ ആണ് തുക ലഭിക്കാത്തതിന് തടസമാകുന്നത്.
വന്യജീവി ആക്രമണത്തിൽ മരിച്ചവർ
വർഷം, മരണം ക്രമത്തിൽ :
2024 : 1
2022 : 2
2020 : 1
2019 : 1
2017 : 1
പാമ്പുകളുടെ കടിയേറ്റ് മരിച്ചവർ : 14
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |