തിരുവല്ല : തനതായ ശൈലിയിൽ സോപാനസംഗീതത്തെ ജനകീയമായി അവതരിപ്പിക്കുന്ന നെടുമ്പ്രം വിജയകുമാർ സപ്തതി നിറവിൽ. ഫെഡറൽ ബാങ്കിൽ നിന്ന് സീനിയർ മാനേജരായി വിരമിച്ച നെടുമ്പ്രം ഹരിപ്രിയയിൽ വിജയകുമാറാണ് വിശ്രമജീവിതം സോപാന സംഗീതത്തിനായി നീക്കിവച്ചത്. അദ്ധ്യാപകനും കലാകാരനുമായിരുന്ന പിതാവ് വൈക്കത്തില്ലത്ത് ഗോവിന്ദ കൈമളിൽനിന്ന് പാരമ്പര്യമായി കിട്ടിയതാണ് വിജയകുമാറിന്റെ കലാവാസന. കലാപാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും ചെറുപ്പത്തിൽ സംഗീതം അഭ്യസിക്കാൻ അവസരമുണ്ടായില്ല. ബാങ്ക് ജോലിയുടെ സമ്മർദ്ദത്തിൽ നിന്ന് ഒഴിവ് ലഭിച്ചതോടെ അപ്രതീക്ഷിതമായി സംഗീത ലോകത്തേക്ക് കടന്നുവന്നു. പ്രശസ്‌ത സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം ക്ഷേത്രോത്സവത്തിന് കേൾക്കാനിടയായത് പ്രചോദനമായി. ഏലൂർ ബിജു, ശൂരനാട് ഹരികുമാർ എന്നിവരുടെ സോപാനസംഗീതവും ഏറെ സ്വാധീനിച്ചു. ഇവരുടെയൊക്കെ കീർത്തനങ്ങൾ സി.ഡികളിലൂടെയും യൂട്യൂബിലൂടെയും കേട്ടുപഠിച്ചു. എങ്കിലും ഗുരുസ്ഥാനത്ത് തന്റെ അച്ഛൻ തന്നെയാണെന്ന് വിജയകുമാർ പറയുന്നു.
ഒന്നര പതിറ്റാണ്ടിനിടെ മദ്ധ്യതിരുവിതാംകൂറിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും സോപാന സംഗീതം അവതരിപ്പിക്കാൻ ഈ കലാകാരന് കഴിഞ്ഞു. ആകാശവാണിയിലെ സോപാനസംഗീതം ബി ഗ്രേഡ് ആർട്ടിസ്റ്റാണ്. മാക് ഫാസ്റ്റ് റേഡിയോയിൽ 120 ദിവസം തുടർച്ചയായി സോപാനസംഗീതം അവതരിപ്പിച്ചും ശ്രദ്ധനേടി. കൂടാതെ അഞ്ചോളം സിനിമയിലും വേഷമിട്ടു. ഓലപ്പീപ്പി എന്ന സിനിമയിൽ അച്ഛൻ നമ്പൂതിരിയെന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും അവാർഡുകൾ ലഭിക്കുകയും ചെയ്‌തു. ഭാര്യ രമാദേവിയും മകൻ ഹരിഗോവിന്ദും മരുമകൾ ജ്യോതിലക്ഷ്മിയും ചെറുമകൾ മാലതിയും വിജയകുമാറിന് പ്രോത്സാഹനമേകി ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |