പത്തനംതിട്ട : കാലവർഷം കനത്തതോടെ മഴയിലും കാറ്റിലും ജില്ലയിൽ പരക്കെ നാശ നഷ്ടം. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട നഗരത്തിൽ മരം വീണ് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മൈലപ്രയിലും നന്നുവക്കാടും മരം കാറിന് മുകളിലേക്ക് വീണു. മൈലപ്രയിൽ മരം കാറിന് മുകളിൽ വീണ് യാത്രക്കാരനായ വിജയന് പരിക്കേറ്റു.
മഴയെ തുടർന്ന് ഇന്നലെ ജില്ലയിൽ 18 വീടുകൾ ഭാഗികമായി തകർന്നു. കോന്നി, തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കല്ലറക്കടവിൽ വലിയമരം കടപുഴകി വീണു. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഗാരേജിലും പമ്പിന് സമീപവും വെള്ളം കയറി. നിർമ്മാണം നടക്കുന്ന ജില്ലാ സ്റ്റേഡിയവും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കളക്ടറേറ്റ് വളപ്പിലെ പൊതുമരാമത്ത് ഓഫീസിന്റെ മേൽക്കൂര മരം വീണ് തകർന്നു.
വിവിധ താലൂക്കുകളിൽ ഇന്നലെ
തകർന്ന വീടുകളുടെ എണ്ണം
മല്ലപ്പള്ളി : 6
റാന്നി : 4
തിരുവല്ല : 3
അടൂർ : 2
കോഴഞ്ചേരി : 2
കോന്നി : 1
മൂന്ന് ദുരിതാശ്വാസ ക്യാമ്പ്
തിരുവല്ല താലൂക്കിലെ ഇരവിപേരൂർ വില്ലേജിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും തണ്ണിത്തോട് വില്ലേജിൽ പകൽവീട്ടിലും മല്ലപ്പള്ളി പുറമറ്റം വില്ലേജിലെ സെന്റ് ബഹനാൻസ് യു.പി സ്‌കൂളിലും ക്യാമ്പ് തുറന്നു.
നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്
ജില്ലയിലെ മണിമല നദിയിൽ ഓറഞ്ചും അച്ചൻകോവിലാറിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷനിലാണ് ഓറഞ്ച് അലർട്ട്. അച്ചൻകോവിൽ നദിയിലെ കല്ലേലി, കോന്നി ജി.ഡി എന്നീ സ്റ്റേഷനുകളിലും മഞ്ഞ അലർട്ടുമാണുള്ളത്.
മൂഴിയാർ ഡാം തുറന്നു
മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാൽ ഇന്നലെ ഉച്ചയ്ക്ക് ഒരു ഷട്ടർ തുറന്നു. മൂന്നു ഷട്ടറുകളിൽ രണ്ടാമത്തെ ഷട്ടർ 20 സെന്റീ മീറ്റർ തുറന്നാണ് ജലം പുറത്തേക്ക് ഒഴുക്കിയത്. ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയരും. കക്കാട്ടാറിന്റെയും, പ്രത്യേകിച്ചു മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |