പത്തനംതിട്ട : ജില്ലയിൽ 18 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുവല്ല താലൂക്കിൽ 13 , കോഴഞ്ചേരി താലൂക്കിൽ നാലും കോന്നി താലൂക്കിൽ ഒരു ക്യാമ്പുമാണുള്ളത്. തിരുവല്ല താലൂക്കിൽ തോട്ടപ്പുഴശേരി എം.ടി.എൽ.പി സ്‌കൂൾ, തോട്ടപ്പുഴശേരി ചെറുപുഷ്പം എൽ .പി സ്‌കൂൾ, കുറ്റപ്പുഴ സെന്റ് തോമസ് സ്‌കൂൾ, കുറ്റൂർ സർക്കാർ ഹൈസ്‌കൂൾ, നിരണം സെന്റ് ജോർജ് യു.പി.എസ്, നിരണം സർക്കാർ യു.പി.എസ്, കോയിപ്രം കുമ്പനാട് ഗേൾസ് സ്‌കൂൾ, ഇരവിപേരൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, ഇരവിപേരൂർ എൻ.എസ്.എസ് സ്‌കൂൾ, കാവുംഭാഗം വേങ്ങൽ ദേവമാതാ ഓഡിറ്റോറിയം, കാവുംഭാഗം ഇടിഞ്ഞില്ലം എൽ.പി.എസ്, കവിയൂർ പടിഞ്ഞാറ്റുംശേരി സർക്കാർ എൽ.പി.എസ്, കടപ്ര സെന്റ് ഫ്രാൻസിസ് സ്‌കൂൾ, കോഴഞ്ചേരി താലൂക്കിൽ ആറൻമുള എൻ.എം.യു.പി സ്‌കൂൾ, ആറാട്ടുപുഴ സർക്കാർ യു.പി.എസ്, കിടങ്ങന്നൂർ വല്ലന എസ്.എൻ.ഡി.പി യു.പി.എസ്, മല്ലപ്പുഴശേരി കുറുന്ത സാംസ്‌കാരിക നിലയം, കോന്നി താലൂക്കിൽ തണ്ണിത്തോട് പകൽവീട് എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. 96 കുടുംബങ്ങളിലായി 138 പുരുഷന്മാരും 142 സ്ത്രീകളും 48 കുട്ടികളുമുൾപ്പെടെ 321 പേരാണ് ക്യാമ്പിലുള്ളത്.
തിരുവല്ലയിൽ വെള്ളപ്പൊക്കം
തിരുവല്ല : പമ്പ, മണിമല നദികൾ കരകവിഞ്ഞതിനെ തുടർന്ന് തിരുവല്ല താലൂക്കിന്റെ വിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിലായി. വീടുകളിൽ വെള്ളം കയറി യതിനെ തുടർന്ന് താലൂക്കിൽ 16 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 118 കുടുംബങ്ങളിലെ അഞ്ഞൂറോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നഗരസഭയിൽ ഉൾപ്പെടുന്ന തിരുമൂലപുരം മംഗലശേരി, ആറ്റുമാലി , പുളിക്കത്ര എന്നീ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഇന്നലെ പുലർച്ചെയോടെയാണ് പ്രദേശങ്ങളിൽ വെള്ളം കയറിയത്. പ്രദേശവാസികളെ തിരുമൂലപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 78 കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയിരിക്കുന്നത്. മണിമലയാറ്റിൽ നിന്ന് നേരിട്ട് വെള്ളം കയറുന്ന പ്രദേശമാണിത്. ഇപ്പോഴും നിരവധി കുടുംബങ്ങൾ ക്യാമ്പിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി മുതൽ തുടങ്ങിയ കനത്തമഴ ഇന്നലെയും തുടരുകയാണ്. വരാൽപ്പാടത്തെ ചീപ്പ് കവിഞ്ഞതാണ് പ്രദേശങ്ങളിലേക്ക് വെളളം കുതിച്ചെത്താൻ കാരണമായത്. എല്ലാ മഴക്കാലത്തും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ട ഗതികേടിലാണ് നാട്ടുകാർ.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി പോസ്റ്റുകൾ ഒടിഞ്ഞു വീണതിനെ തുടർന്ന് നിലച്ച വൈദ്യുതി വിതരണം ഇനിയും പലയിടത്തും പുനസ്ഥാപിച്ചിട്ടില്ല. ലൈനുകളിലെ തകരാറുകൾ കാരണം വോൾട്ടേജ് സംബന്ധമായ പ്രശ്നങ്ങളും തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |