കൊച്ചി: നിക്ഷേപം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് കൊച്ചിയിൽ 54കാരനിൽ നിന്ന് 1,07,47,041 രൂപ തട്ടിയെടുത്തു. എളമക്കര പൊലീസ് അന്വേഷണം തുടങ്ങി. ബംഗളൂരു സ്വദേശികളായ പൂർണ അഗർവാൾ, വിക്രം മൽഹോത്ര, ബിവായ് റോയ് ചൗധരി എന്നിവരെ പ്രതിചേർത്താണ് കേസ്. ഓൺലൈനിലൂടെയാണ് പ്രതികൾ 54കാരനെ പരിചയപ്പെട്ടത്.
മുംബയിലെ ഒയാസീസ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെന്നാണ് പ്രതികൾ വിശ്വസിപ്പിച്ചത്. നിക്ഷേപിക്കുന്നതിന്റെ ഇരട്ടി നിശ്ചിത ദിവസത്തിനകം തിരികെ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. വാചക കസർത്തിൽ വീണുപോയ 54കാരൻ 10 തവണകളായി 10 ലക്ഷത്തിലധികം രൂപ വീതം നിക്ഷേപിച്ചു. ജൂലായ് 18 മുതൽ 23വരെയായിരുന്നു സാമ്പത്തിക ഇടപാട്.
പറഞ്ഞ ദിവസം കഴിഞ്ഞിട്ടും പണം ലഭിക്കാതെവന്നതോടെ പ്രതികളെ ബന്ധപ്പെട്ടെങ്കിലും ഫോണിൽ ലഭ്യമായില്ല. പിന്നീടാണ് ചതിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് എളമക്കര സ്വദേശിയായ ഇയാൾ പൊലീസിനെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വെർച്വൽ അറസ്റ്റ് ചെയ്‌തെന്ന് വിശ്വസിപ്പിച്ച് 74കാരനിൽ നിന്ന് ഒരു കോടി 19ലക്ഷം രൂപ തട്ടിയിരുന്നു. ഈ കേസും എളമക്കര പൊലീസാണ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |