പെരുമ്പാവൂർ: കോടനാട് തോട്ടുവയിൽ വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ യുവാവിനെ അറസ്റ്റുചെയ്തു. ചേരാനല്ലൂർ തോട്ടുവ നെല്ലിപ്പിള്ളി അദ്വൈത് ഷിബുവിനെയാണ് (24) പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കഴിഞ്ഞ 29നായിരുന്നു കൊലപാതകം. തോട്ടുവ സ്വദേശിനി അന്നമ്മയുടെ (84) മൃതദേഹം രാത്രി എട്ടരയോടെ കോടനാട് തോട്ടുവ അമ്പലത്തിനടുത്തുള്ള ജാതിത്തോട്ടത്തിലാണ് കണ്ടെത്തിയത്. ധരിച്ചിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.
പൊലീസ് പറയുന്നത്: അമ്മയെ വഴക്കുപറഞ്ഞതിലുള്ള വൈരാഗ്യവും സാമ്പത്തിക ബുദ്ധിമുട്ടുമാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചത്. വൃദ്ധയുടെ പറമ്പിലേക്കുള്ള വരവ് നിരീക്ഷിച്ച യുവാവ് പുറകിൽനിന്ന് തേങ്ങകൊണ്ട് എറിഞ്ഞുവീഴ്ത്തി. ഒച്ചവച്ച അന്നമ്മയുടെ വായും മൂക്കും പൊത്തിപ്പിടിച്ചു. തുടർന്ന് ആഭരണങ്ങൾ ഊരിയെടുത്തശേഷം വീട്ടിലെത്തി. അവിടെനിന്ന് എറണാകുളത്തേക്ക് തിരിച്ചു. പിറ്റേന്ന് ബംഗളൂരുവിലേക്ക് കടന്നു.
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ പ്രത്യേകടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ബംഗളൂരു ബമ്മനഹള്ളിയിൽ നിന്നാണ് പിടികൂടിയത്.
പെരുമ്പാവൂർ എഎസ്.പി ശക്തിസിംഗ് ആര്യ, ഇൻസ്പെക്ടർമാരായ ജി.പി. മനുരാജ്, സാംജോസ്, എസ്.ഐ ടി.ആർ. രാജീവ്, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, വി.പി. ശിവദാസ്, സുനിൽകുമാർ, സീനിയർ സി.പിഒമാരായ മനോജ്‌കുമാർ, വർഗീസ് വേണാട്ട്, ടി.എ. അഫ്സൽ, ബെന്നി ഐസക്, വൈശാഖ്, അരുൺ പി. കരുൺ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |