ഏഴംകുളം : കഥകളിലൂടെയും വാമൊഴിയിലൂടെയും മാത്രം അടുത്തറിഞ്ഞ ക്ഷേത്രക്കുളം വീണ്ടെടുക്കുക എന്ന വലിയ ഉദ്യമത്തിലാണ് ഏഴംകുളം ഗ്രാമം.
ഏഴംകുളം ദേവീക്ഷേത്രമുറ്റത്തുണ്ടായിരുന്ന അതിപ്രാചീനമായ കുളത്തിന്റെ പുനർനിർമ്മാണത്തിന് കഴിഞ്ഞദിവസം തുടക്കമായി. ക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്കും ഗണപതിഹോമത്തിനും ശേഷം ആദ്യഘട്ടപണികൾ ആരംഭിച്ചു.
പഴയ കുളത്തിന്റെ അരികുകളും കൽപ്പടവുകളും കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി മണ്ണുമാന്തി ഉപയോഗിച്ച് മണ്ണുനീക്കി. കഴിഞ്ഞവർഷം നടന്ന അഷ്ടമംഗല്യ ദേവപ്രശ്നവിധിയിലാണ് ക്ഷേത്രക്കുളം പുനർനിർമ്മിക്കാൻ തീരുമാനമുണ്ടായത്. ഏഴംകുളം ദേവീക്ഷേത്ര സംരക്ഷണ സംഘടന മുൻകൈയെടുത്താണ് ഇപ്പോൾ പുനർനിർമ്മിക്കുന്നത്. ആയിരം വർഷത്തോളം പഴക്കം പറയപ്പെടുന്ന ഞാറമരം ഈ കുളത്തിനു സമീപമുണ്ട്. ഇതിൽ നിന്ന് കുളത്തിലേക്ക് ഞാവൽ പഴങ്ങൾ വീഴുന്ന ശബ്ദം പഴയ തലമുറകളുടെ സ്മരണയിൽ ഇന്നുമുണ്ട്.
ദേവപ്രശ്നവിധി പ്രകാരം
ക്ഷേത്രത്തിലെ ശാന്തിക്കാരന് കുളിച്ചു ശുദ്ധമായി ക്ഷേത്രത്തിൽ പ്രവേശിക്കാൻ വേണ്ടിയായിരുന്നു മുമ്പ് കുളം ഉപയോഗിച്ചിരുന്നത്. എന്നാൽ കാലക്രമേണ ആളുകൾ വ്യാപകമായി കുളം ഉപയോഗിക്കുകയും കന്നുകാലികളെ ഉൾപ്പടെ ഇവിടെ കുളിപ്പിക്കാനും തുടങ്ങി. 1982ലാണ് ക്ഷേത്രക്കുളം മൂടപ്പെടുന്നത്. അക്കാലത്ത് നടന്ന ദേവപ്രശ്നവിധി പ്രകാരം ക്ഷേത്രക്കുളം കെട്ടി സംരക്ഷിക്കണമെന്ന് തീരുമാനം ഉണ്ടായി. എന്നാൽ ക്ഷേത്രത്തിന്റെ നടുക്ക് റിംഗുകൾ സ്ഥാപിച്ച് ചുറ്റുമുള്ള ഭാഗം മണ്ണിട്ട് മൂടി. റിംഗ് സ്ഥാപിച്ച ഭാഗം നാശം സംഭവിക്കാതെ ക്ഷേത്രത്തിൽ നില നിന്നിരുന്നു.
"പുരാതനമായ ക്ഷേത്രക്കുളം പുനർനിർമ്മിക്കണമെന്ന ഭക്തജനങ്ങളുടെ ചിരകാല അഭിലാഷം പൂവണിയാൻ പോകുന്നു. ക്ഷേത്രഭരണസമിതിയുടെ മേൽനോട്ടത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പഴയ കുളത്തിന്റെ ശേഷിപ്പുകൾ കണ്ടെത്താനുള്ള ശ്രമമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.
സി പ്രമോദ് കുമാർ
സെക്രട്ടറി,
ഏഴംകുളം ദേവീക്ഷേത്ര സംരക്ഷണ സംഘടന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |