പ്രമാടം : കാറ്റിലും മഴയിലും കൃഷിനാശം സംഭവിച്ച ജില്ലയിലെ വെറ്റില കർഷകർക്ക് നഷ്ട പരിഹാരം ലഭിക്കും. രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കൃഷി വകുപ്പ് കണക്കാക്കിയിരിക്കുന്നത്. വിലയിടിവും ഉയർന്ന പരിപാലന ചെലവും മൂലം നട്ടം തിരിയുന്നതിന് പിന്നാലെ കാറ്റും മഴയും കർഷകർക്ക് വരുത്തിയ നഷ്ടവും സംബന്ധിച്ച് കഴിഞ്ഞ ഏഴിന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് കൃഷി വകുപ്പിന്റെ അടിയന്തര നടപടി. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിലെ 43 കർഷകരുടെ വെറ്റില കൃഷിയാണ് നശിച്ചത്. നാശനഷ്ടം വിലയിരുത്തി നഷ്ടപരിഹാരം നിശ്ചയിച്ചതോടെ കർഷകർക്കും ആശ്വാസമായി.
പ്രതികൂല കാലാവസ്ഥകളെ തുടർന്ന് ഒരു മാസത്തിനിടെ ഒരു ഹെക്ടർ സ്ഥലത്തെ വെറ്റില കൃഷിയാണ് നശിച്ചത്. നഷ്ടപരിഹാരം പോലും ലഭിക്കാതായതോടെ പലരും കൃഷി ഉപേക്ഷിച്ചു പോകുന്ന അവസ്ഥയിരുന്നു. ഒരുകാലത്ത് ജില്ലയിൽ നെൽ കൃഷി പോലെ തന്നെ സജീവമായിരുന്ന വെറ്റില കൃഷി ഇപ്പോൾ അപൂർവമാണ്. വിലയിടിവും പരിപാലന ചെലവ് ഏറിതയോടെയും പലരും വെറ്റില കൃഷി ഉപേക്ഷിക്കുകയാണ്. പരമ്പരാഗതമായി വെറ്റില കൃഷി ചെയ്തുവന്നവരാണ് ഇപ്പോഴും ഈ രംഗത്തുള്ളത്. വില സ്ഥിരതയില്ലാത്തതും മറ്റ് കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കാത്തതും പ്രതിസന്ധിയാകുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |