പത്തനംതിട്ട: ഡിജിറ്റൽ സർവെയിലൂടെ കേരളം നേടിയ പുരോഗതി മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഉദ്യോഗസ്ഥർക്ക് വിശദീകരിക്കാൻ തിരുവനന്തപുരത്ത് നാളെ നടക്കുന്ന ഭൂമി കോൺക്ളേവ് പരിപാടിയിൽ എല്ലാ സർവെ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് നിർദേശം. ഡിജിറ്റൽ സർവെയടക്കം സർവെ സംബന്ധമായ എല്ലാജോലികളും ഇതുകാരണം തടസപ്പെടും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് നാലിന് നടക്കുന്ന കോൺക്ളേവ് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിക്ക് എല്ലാ സർവെ ജീവനക്കാരും മൂന്ന് മണിക്ക് തന്നെ എത്തണമെന്ന് സർവെ ഡയറക്ടർ ഡെപ്യൂട്ടി ഡയറക്ടർമാർക്കും അസിസ്റ്റന്റ് ഡയറക്ടർമാക്കും റീ സർവെ, ജില്ലാ സർവെ സൂപ്രണ്ടുമാർക്കും നിർദേശംനൽകി.
ജില്ലയിലെ ഡിജിറ്റർ സർവെ നാൽപ്പതു ശതമാനം പോലും എത്തിയിട്ടില്ല. സർവെ സംബന്ധിച്ച പരാതികളും കെട്ടിക്കിടക്കുന്നു. ഇതിനിടെയിൽ, ജീവനക്കാർ കോൺക്ളേവിൽ പങ്കെടുക്കണമെന്ന് നിർബന്ധിക്കുന്നത് ജോലികൾ മുന്നോട്ടു കൊണ്ടുപോകാൻ തടസമാകുമെന്ന് പ്രതിപക്ഷ സംഘടനാ നേതാക്കൾ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സർവെ വകുപ്പ് ജീവനക്കാരാണ് പരിപാടിയിൽ പങ്കെടുക്കേണ്ടത്. റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും കോൺക്ളേവിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ജില്ലയിൽ സർവെ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിൽ സ്ഥിരം, താൽക്കാലിക ജീവനക്കാരായി അറുപത് പേരാണുള്ളത്. അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിനു കീഴിൽ നൂറോളം ജീവനക്കാരുണ്ട്. ജില്ലയിൽ മൂന്ന് സർവെ സൂപ്രണ്ട് ഓഫീസുകളിലായി നൂറ്റൻപതോളം ജീവനക്കാരാണുള്ളത്. ഇവരോടെല്ലാം നിർബന്ധമായും കോൺക്ളേവിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വന്തം ചെലവിൽ പോകണം
ഭൂമി കോൺക്ളേവിന് ജീവനക്കാർ സ്വന്തം ചെലവിൽ പോകണം. ജീവനക്കാർ പിരിവെടുത്ത് ബസ് വിളിച്ചു പോകാനാണ് പൊതുവായുണ്ടായ ധാരണ. നാളെ ആർക്കും അവധി കൊടുക്കേണ്ടെന്നുമാണ് മുകളിൽ നിന്നുള്ള നിർദേശം. മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നവർക്ക് മാത്രം അവധി കൊടുത്താൽ മതിയെന്നാണ് സർവെ ഡയറക്ടറുടെ ഓഫീസിൽ നിന്ന് അറിയിച്ചിട്ടുള്ളത്.
ജീവനക്കാരോട് കോൺക്ളേവിൽ പങ്കെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിക്കാതെയും പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കിയും ജോലി ക്രമീകരിക്കും.
സർവെ ഡെപ്യൂട്ടി ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |