കോഴഞ്ചേരി : ഉറ്റവർക്കും അയൽക്കാർക്കും നാട്ടിലും കൊച്ചുമോളായിരുന്നു. രഞ്ജിതയെന്ന പേരിനുപരി എല്ലാവരുടെയും പ്രിയപ്പെട്ട കൊച്ചുമോൾ. എല്ലാവരോടും ചിരിച്ച് സന്തോഷത്തോടെ ഇടപ്പെട്ടിരുന്ന, എല്ലാവരേയും സഹായിക്കാൻ മനസു കാണിച്ച അവരുടെ പ്രിയപ്പെട്ട കൊച്ചുമോൾ ഇത്തവണ വീട്ടിലേക്കെത്തിയത് ചേതനയറ്റാണ്. എന്റെ കുഞ്ഞിനെയൊന്ന് കാണാൻ കഴിയുന്നില്ലല്ലോയെന്ന അമ്മ തുളസിയുടെ അലമുറയിട്ട കരച്ചിലിനു മുൻപിൽ കണ്ടുനിന്നവരും വിതുമ്പിയ നിമിഷം. അമ്മയുടെ ഭൗതീകദേഹത്തിന് മുന്നിൽ കണ്ണുകൾ നിറഞ്ഞൊഴുകി, മുത്തശ്ശിയുടെ ചുമലിൽ ചാരി വാവിട്ടു കരയുന്ന രഞ്ജിതയുടെ മകൾ ഇതിക ചുറ്റും നിന്നവർക്ക് നൊമ്പര കാഴ്ചയായി മാറി. നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുടയ്ക്കാതെ മകൻ ഇന്ദുചൂഡൻ ഇരുവർക്കുമൊപ്പം തകർന്ന ഹൃദയത്തോടെ നിന്നപ്പോൾ ഉറ്റവരുടെ ദുഃഖം കൂട്ടക്കരച്ചിലായി മാറി. ഹൃദയ ഭേദകമായ അന്തരീക്ഷത്തിനൊടുവിൽ 14 വയസുകാരൻ ഇന്ദുചൂഡൻ അമ്മയുടെ മോക്ഷപ്രാപ്തിക്ക് പ്രാർത്ഥിച്ചു കൊണ്ട് അന്ത്യകർമ്മങ്ങൾ ചെയ്തു. രഞ്ജിതയുടെ സഹോദര പുത്രന്മാരായ കാശിനാഥനും ശ്രീരാമും ശ്രീരുദ്രും അന്ത്യകർമ്മങ്ങളിൽ പങ്കാളികളായി. മൂവരും ചേർന്ന് പണി തീരാത്ത വീടിനു സമീപമൊരുക്കിയ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ അവശേഷിച്ചത് കൊതിതീരെ സ്നേഹിക്കാനും ജീവിക്കാനും കൊതിച്ച കുറെ സ്വപ്നങ്ങൾ മാത്രം. ഉറ്റവരുടെ ഹൃദയത്തിൽ ഓർമകൾ സമ്മാനിച്ച് രഞ്ജിതയെന്ന മാലാഖ യാത്രയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |