കോന്നി : ഒരു നൂറ്റാണ്ടിനു മുമ്പ് സ്ഥാപിച്ച മലയാലപ്പുഴ ഗവ.എൽ പി സ്കൂളിന്റെ മലയാലപ്പുഴ ക്ഷേത്രം ജംഗ്ഷന് സമീപത്തുള്ള കെട്ടിടം പൊളിച്ചു മാറ്റുന്നു. മലയാലപ്പുഴ ഇല്ലത്തു കുടുംബക്കാരും തോമ്പിൽ കുടുംബക്കാരും നൽകിയ 92 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1914 ൽ ആരംഭിച്ചതാണ് ഈ സ്കൂൾ. കുമ്പഴ മുതൽ മലയാലപ്പുഴ വരെയും മലയാലപ്പുഴ മുതൽ പുതുക്കുളം വരെയും സമീപപ്രദേശങ്ങളിലെയും നാട്ടുകാർ ഒരു കാലത്ത് വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് ഈ സ്കൂളിനെയാണ്. മാളിയേക്കൽ രാമൻ പിള്ളയായിരുന്നു ആദ്യ അദ്ധ്യാപകൻ. വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്ന നിരവധി പ്രതിഭകളെ സംഭാവന ചെയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ നിരവധി ഭക്തർ എത്തുന്ന ക്ഷേത്രം ജംഗ്ഷനിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിക്കുന്നതിനായി സ്കൂൾ കെട്ടിടം നിലനിന്നിരുന്ന സ്ഥലം ഉപയോഗിക്കും. ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം പുതിയ കെട്ടിടം നിർമ്മിച്ചു ക്ലാസുകൾ അവിടേക്ക് മാറ്റിയിട്ടുണ്ട്.
3 കോടി ചെലവിൽ പുതിയ കെട്ടിടം
പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് മൂന്നുകോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ഒന്നുമുതൽ നാലുവരെ ക്ലാസുകൾ ഇവിടെയുണ്ട്. 60 സെന്റ് സ്ഥലം പഞ്ചായത്ത് വിട്ടുനൽകി. പഞ്ചായത്ത് ഫണ്ടിൽ നിന്നും എം.എൽ.എ ഫണ്ടിൽ നിന്നുമാണ് കെട്ടിടം പണിക്കുള്ള തുക കണ്ടെത്തിയത്.
സ്കൂൾ കെട്ടിടം നില നിന്ന സ്ഥലത്ത് ബസ് സ്റ്റാൻഡ് വരുന്നതോടെ മലയാലപ്പുഴയിലെ ഗതാഗത പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പ്രീജ പി.നായർ ( പ്രസിഡന്റ് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്)
മലയാലപ്പുഴയിലും പരിസരപ്രദേശങ്ങളിലും ഉള്ള നിരവധി
പ്രതിഭകളെ സംഭാവന ചെയ്ത സ്കൂളാണിത്.
പ്രമോദ് താന്നിമൂട്ടിൽ (പൊതുപ്രവർത്തകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |