കണ്ണടച്ച് കെ.എസ്.ആർ.ടി.സി
കോന്നി: പത്തനംതിട്ട -പത്തനാപുരം റൂട്ടിൽ രാത്രിയിൽ കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി സർവീസുകൾ ഇല്ലാത്തത് മൂലം യാത്രക്കാർ ബുദ്ധിമുട്ടുന്നു. 6.45 ന് പത്തനംതിട്ടയിൽ നിന്ന് പത്തനാപുരത്തേക്കുള്ള ഓർഡിനറി കെ.എസ്.ആർ.ടി.സി സർവീസ് കഴിഞ്ഞാൽ പിന്നെ ബസുകളില്ല. പത്തനംതിട്ടയിൽ നിന്ന് രാത്രി 7. 30നാണ് കോന്നി വഴി പത്തനാപുരത്തേക്കുള്ള അവസാനത്തെ സ്വകാര്യ ബസ് സർവീസ്. ഇതുമൂലം ദീർഘദൂര സർവീസുകളെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. രാത്രി 10ന് തെങ്കാശിയിലേക്കും, 11 ന് തിരുവനന്തപുരത്തേക്കുമുള്ള കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസുകളാണ് ഏക ആശ്രയം. ശബരിമല തീർത്ഥാടന കാലത്തും മലയാള മാസം ഒന്നാം തീയതികളിലും ശബരിമലയിലെ വിശേഷ ദിവസങ്ങളിലും ഇതുമൂലം ശബരിമല തീർത്ഥാടകർ അടക്കമുള്ള യാത്രക്കാർ ബുദ്ധിമുട്ടുന്നതായി പരാതിയുണ്ട്. പത്തനംതിട്ട, കുമ്പഴ, കോന്നി, പ്രമാടം, തണ്ണിത്തോട്, മലയാലപ്പുഴ, അരുവാപ്പുലം, കലഞ്ഞൂർ, പത്തനാപുരം, പുനലൂർ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി യാത്രക്കാരും ബുദ്ധിമുട്ടുന്നു. രാത്രി 10ന് തെങ്കാശിയിലേക്കും 11 ന് തിരുവനന്തപുരത്തേക്കുമുള്ള കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് സർവീസുകൾ മാത്രമാണുള്ളത് . കോന്നി, കൂടൽ, കലഞ്ഞൂർ, അരുവാപ്പുലം, തണ്ണിത്തോട്, പത്തനാപുരം, പുനലൂർ മേഖലയിലേക്കൊക്കെ പോകാൻ ഈ ബസുകളെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലും സമീപ ജില്ലകളിലും ജോലി ചെയ്യുന്നവരും എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ സമീപ ജില്ലകളിൽ വിവിധ ആവശ്യങ്ങൾക്ക് പോയി മടങ്ങിയെത്തുന്ന ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലെ ജനങ്ങളും ബസ് ഇല്ലാത്തതിനാൽ വലയുന്നു. പലരും വലിയ തുക കൊടുത്ത് ടാക്സി വാഹനങ്ങളെയും ഓട്ടോറിക്ഷകളെയും ആശ്രയിച്ചാണ് വീടുകളിൽ എത്തുന്നത്.
പത്തനംതിട്ട - പത്തനാപുരം റൂട്ടിൽ രാത്രിയിൽ ബസ് സർവീസുകളുടെ കുറവുമൂലം മലയോര മേഖലയിലെ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.
എം വി അമ്പിളി ( പ്രസിഡന്റ് ,കോന്നി ബ്ലോക്ക് പഞ്ചായത്ത് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |