പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ പിരിച്ചുവിട്ട നാലു ജീവനക്കാർ നടത്തിയ പ്രതിഷേധം രോഗികളെ വലച്ചു. ഒ.പി ടിക്കറ്റ് കൗണ്ടറിൽ വലിയ തിരക്കുണ്ടായി. രാവിലെ 6.30 മുതൽ ഒ.പി ടിക്കറ്റിനായി കാത്തുനിന്നവർ ഏറെ വലഞ്ഞു. ഇന്നലെ രാവിലെ 8.30 മുതൽ 9 വരെയായിരുന്നു പ്രതിഷേധം. വർഷങ്ങളായി ജോലി ചെയ്യുന്ന 4 താത്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത് . ചൊവ്വാഴ്ച മുതൽ ജോലിക്ക് എത്തേണ്ടതില്ലന്ന്ആശുപത്രി അധികൃതർ ജീവനക്കാരെ അറിയിക്കുകയിരുന്നു. ഇതിൽ രണ്ടുപേർ ഒ.പി കൗണ്ടർ ചുതലയുള്ളവരും 2 പേർ എക്‌സ്‌റെ വിഭാഗത്തിലുള്ളവരുമാണ്. ഒ.പി ടിക്കറ്റ് കൗണ്ടറിൽ ജീവനക്കാർ ഇല്ലാതെ വന്നതോടെ നൂറുകണക്കിന് രോഗികളാണ് ക്യൂവിൽ കാത്തുനിന്നത്. നാല് ഒ.പി കൗണ്ടറാണുള്ളത്. എല്ലാ കൗണ്ടറിന് മുന്നിലും നീണ്ടനിരയായിരുന്നു. ഒ.പി പ്രവർത്തനം തടസപ്പെട്ടതോടെ ആശുപത്രിയിൽ രോഗികൾ ബഹളംവച്ചു. പകരം മറ്റ് ജീവനക്കാരെ വച്ചാണ് പ്രശ്നം പരിഹരിച്ചത്. ഉച്ചവരെയും നീണ്ടക്യൂ ഉണ്ടായിരുന്നു.
സംഭവമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. പിരിച്ചുവിട്ട ജീവനക്കാരുടെ നേതൃത്വത്തിൽ മുഴുവൻ താൽക്കാലിക ജീവനക്കാരും പ്രതിഷേധ സമരം നടത്തി. പട്ടികയിലുള്ള 17 താത്കാലികക്കാരെ കൂടി ഉടൻ പിരിച്ചുവിടുമെന്നും സൂചനയുണ്ട്.
രോഗികളോട് അപമര്യാദയായി പെരുമാറിയവരെയാണ് പിരിച്ചുവിട്ടത്. ഇവരുടെ കരാർ കാലാവധി ജൂൺ 30ന് അവസാനിച്ചു . എച്ച്.എം.സി വഴിയാണ് ഇവരെ നിയമിച്ചത്. നിരവധി പരാതികൾ ഇവരുടെ പേരിലുണ്ട്. പലപ്രാവിശ്യം മെമ്മോ നൽകിയിരുന്നു.
ഡോ.എം.എം.ഷാനി,
ആശുപത്രി സൂപ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |