തിരുവല്ല : അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവല്ല റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് രണ്ടു വർഷമാകുന്നു. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട നവീകരണ ജോലികൾ പൂർത്തിയായില്ല. 2023 സെപ്തംബറിലാണ് നിർമ്മാണം ആരംഭിച്ചത്. ആദ്യഘട്ട ജോലികൾ ആറുമാസം കൊണ്ടും ബാക്കിയുള്ള ജോലികൾ ഒരുവർഷത്തിനുള്ളിലും പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്.
ഇതോടൊപ്പം വികസന പ്രവർത്തനങ്ങൾ ആരംഭിച്ച മിക്ക സ്റ്റേഷനുകളിലും നവീകരണ ജോലികൾ പൂർത്തിയായി. തിരുവല്ല സ്റ്റേഷന്റെ പൂമുഖത്തിന്റെ മുഖഛായ മാറ്റുന്ന പുതിയ പോർച്ചിന്റെ മേൽക്കൂര ഉൾപ്പെടെ സ്ഥാപിച്ചെങ്കിലും അന്തിമജോലികൾ ബാക്കിയാണ്. വിശ്രമസ്ഥലങ്ങളുടെയും കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും വിസ്തൃതി വർദ്ധിപ്പിക്കുന്ന ജോലികളും നടന്നുവരുന്നു. സ്റ്റേഷൻ വളപ്പിൽ ലാൻഡ് സ്‌കേപ്പിംഗ് ജോലികളും ഓടയുടെ നിർമ്മാണവും പൂർത്തിയായിട്ടില്ല. ആഘോഷവേളകളിൽ ദേശീയ പതാക ഉയർത്തുന്നതിനായി സ്റ്റേഷന്റെ മുന്നിലായി 30.5 മീറ്റർ ഉയരമുള്ള സെറിമോണിയൽ ഫ്ളാഗ് മാസ്റ്റിന്റെ പണികൾ പൂർത്തിയായി. പ്ലാറ്റ് ഫോമുകളിലെ മേൽക്കൂരകൾ പൂർണമായും റൂഫിംഗ് ചെയ്യുന്ന ജോലികളും തറയിൽ ടൈൽ പാകുന്ന ജോലികളും നടന്നുവരുന്നു.
സ്റ്റേഷനിൽ എത്തുന്ന വാഹനങ്ങൾക്ക് സുഗമമായി കടന്നുവരുന്നതിനും പോകുന്നതിനും പാർക്ക് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങളും വർദ്ധിപ്പിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. സ്റ്റേഷന്റെ എല്ലാഭാഗത്തും പൂർണമായും വെളിച്ചം എത്തിക്കാനുള്ള പ്രവർത്തികളും നടക്കുന്നു. മറ്റ് ആധുനിക ഡിജിറ്റൽ സംവിധാനങ്ങളും നവീകരണത്തിന്റെ ഭാഗമായുണ്ട്. കാലാവസ്ഥ പ്രശ്നങ്ങൾ ഉൾപ്പെടെ നിർമ്മാണ ജോലികളെ ബാധിച്ചിട്ടുണ്ടെങ്കിലും നവീകരണ ജോലികൾ എപ്പോൾ പൂർത്തിയാക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അധികൃതർക്ക് വ്യക്തതയില്ല.
അമൃത് ഭാരത് പദ്ധതി
കേന്ദ്രസഹായത്തോടെ 13.51 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്റ്റേഷനുകളുടെ പ്രാധാന്യം, ആശ്രയിക്കുന്ന യാത്രക്കാർ, ട്രെയിനുകളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് അമൃത് ഭാരത് പദ്ധതിയിൽ സ്റ്റേഷനുകൾ തിരഞ്ഞെടുത്ത് വികസിപ്പിക്കുന്നത്.
പദ്ധതി ചെലവ് : 13.51 കോടി രൂപ
പ്രധാന കവാടം തെക്കോട്ട്
റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രധാന കവാടത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. സ്റ്റേഷന്റെ തെക്കുവശത്തെ പ്രധാന കവാടത്തിലൂടെയാണ് വാഹനങ്ങൾ വന്നുപോകുന്നത്. നിലവിലുണ്ടായിരുന്ന പടിഞ്ഞാറ് ഭാഗത്തെ കവാടം വീതികുറഞ്ഞ റോഡിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കി പ്രധാന റോഡിലേക്ക് ഇറങ്ങാൻ പുതിയ കവാടം സഹായകമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |