പത്തനംതിട്ട : പരീക്ഷച്ചൂടിന്റെ ഒഴിവുനേരങ്ങളിൽ തലച്ചിറ എസ്.എൻ.ഡി.പി.യു.പി സ്‌കൂളിലെ കുട്ടിക്കർഷകർ നട്ട ചേനകൾ വിളവെടുക്കാൻ പാകമായി. സ്‌കൂളിന്റെ പരിമിതികൾക്കുള്ളിൽ നിന്ന് പാഴ്വസ്തുക്കളിൽ തടമൊരുക്കി. തകരപ്പാട്ടകൾ, പാഴായ ടയറുകൾ, ചാക്കുകൾ, ടാർവീപ്പകൾ എന്നിവയാണ് അവരുടെ കൃഷിയിടം. കൊറോണക്കാലത്ത് ആരംഭിച്ച കാർഷിക ക്ലബ്ബിന്റെ തുടർച്ചയായ പ്രവർത്തനമാണ് ഇപ്പോഴും നൂറുമേനി വിളവിനു പിന്നിൽ. വലിയ പാഴായ ടയറുകൾ സംഘടിപ്പിച്ച് അതിൽ മനോഹരമായ ആകൃതിയിൽ ടയർചട്ടികൾ നിർമ്മിച്ച് സ്‌കൂൾ പരിസരത്തും മതിലിലും സ്ഥാപിച്ച് മണ്ണ് നിറച്ച് അതിലാണ് ചേനകൾ നട്ടത്.
ജൈവികമായ അടയാളപ്പെടുത്തൽ പോലെ സ്‌കൂൾ മതിലിലേക്ക് നീണ്ടുനിൽക്കുന്ന മുളംകമ്പിലൂടെ പടർന്നു കയറിയ നനകിഴങ്ങും കാച്ചിലും വിസ്മയകാഴ്ച്ച ഒരുക്കുന്നു. കേരളത്തിൽ അപൂർവമായി കൃഷിചെയ്യുന്ന അടതാപ്പും കൂട്ടത്തിലുണ്ട്. പച്ചമുളക്, കാന്താരി, വഴുതന, മത്തൻ, ചീര, കോവൽ എന്നിവയെല്ലാം സ്‌കൂൾ പച്ചക്കറിത്തോട്ടത്തിൽ നിറഞ്ഞിട്ടുണ്ട്.
വിളകളുടെ പരിപാലനവും നടത്തിപ്പും കുട്ടികളാണ്. അദ്ധ്യാപകരും പി.ടി.എയും മാനേജ്‌മെന്റും കുട്ടികൾക്ക് പിന്തുണയുമായി രംഗത്തുണ്ട്.
വിഷം കലരാത്ത തികച്ചും പ്രകൃതിദത്ത വളങ്ങളിലൂടെ വിളയിച്ചെടുക്കുന്ന പച്ചക്കറികളും കിഴങ്ങുവിളകളും സ്‌കൂൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നു. ക്ലാസ് മുറിയിൽ ആർജിച്ച കൃഷി അറിവുകൾ പ്രായോഗികതലത്തിൽ എത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അദ്ധ്യാപകരും രക്ഷകർത്താക്കളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |