ശബരിമല : മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്ത് കോന്നി മെഡിക്കൽ കോളേജ് ബേസ് ആശുപത്രിയാക്കി കൂടുതൽ സൗകര്യങ്ങളൊരുക്കുമെന്ന്
മന്ത്രി വീണാജോർജ് പറഞ്ഞു. തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പമ്പ ആശുപത്രിയിൽ വിപുലമായ കൺട്രോൾ റൂം സ്ഥാപിക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിയന്തര കാർഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് ഉടനടി ചികിത്സ ലഭ്യമാക്കാൻ കനിവ് 108 ആംബുലൻസും സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് പ്രത്യേക ആംബുലൻസ് സേവനവും ലഭ്യമാക്കും. വിവിധ സ്‌പെഷ്യാലിറ്റികളിലെ ഡോക്ടർമാരെ ആരോഗ്യ വകുപ്പിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും സമയബന്ധിതമായി നിയോഗിക്കും. മെഡിക്കൽ കോളേജുകളിൽ നിന്നും വിദഗ്ധ കാർഡിയോളജി ഡോക്ടർമാരേയും ഫിസിഷ്യൻമാരേയും നിയോഗിക്കും. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റർ, വെന്റിലേറ്റർ, കാർഡിയാക് മോണിറ്റർ എന്നിവയുണ്ടാകും. നിലയ്ക്കലും പമ്പയിലും പൂർണ സജ്ജമായ ലാബ് സൗകര്യമുണ്ടാകും. പമ്പയിലും സന്നിധാനത്തും ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തിക്കും. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ താത്ക്കാലിക ഡിസ്‌പെൻസറിയും പ്രവർത്തിക്കും.
കോട്ടയം മെഡിക്കൽ കോളേജ്, അടൂർ ജനറൽ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല ജില്ലാ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, എരുമേലി, കോഴഞ്ചേരി, മുണ്ടക്കയം, വണ്ടിപ്പെരിയാർ, കുമളി, ചെങ്ങന്നൂർ തുടങ്ങി 15 ഓളം ആശുപത്രികളിൽ പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഒരുക്കും. ആയുഷ് മേഖലയുടെ സേവനവും ഉറപ്പാക്കും. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ വെക്ടർ കൺട്രോൾ ടീമിനെ ചുമതലപ്പെടുത്തി.
മറ്റു നിർദേശങ്ങൾ
ആക്ഷൻ പ്ലാനനുസരിച്ച് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലേയും മെയിന്റനൻസ് ജോലികൾ എത്രയും വേഗം പൂർത്തിയാക്കണം. ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ എമർജൻസി മെഡിക്കൽ സെന്ററുകൾ നേരത്തെ സജ്ജമാക്കി ഈ കേന്ദ്രങ്ങളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. ആന്റി സ്‌നേക്ക് വെനം എല്ലാ ആശുപത്രികളിലും ഉറപ്പ് വരുത്തണം. ജീവനക്കാരുടെ നിയമനങ്ങൾ എത്രയും വേഗം നടത്തണം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആശുപത്രികളിൽ അധിക കിടക്കകൾ സജ്ജമാക്കാനും പുതിയ നിലയ്ക്കൽ ആശുപത്രിയുടെ നിർമ്മാണം മണ്ഡലകാലത്തിന് മുമ്പ് തുടങ്ങണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |