കോന്നി : കല്ലാറിന്റെ ഓളപ്പരപ്പുകളെ പുളകച്ചാർത്തണിയിക്കുന്ന കുട്ടവഞ്ചി തുഴച്ചിൽ മത്സരത്തിന് അടവി ഒരുങ്ങുന്നു. കരിയാട്ടം എക്സ്പോയുടെ ഭാഗമായി 27ന് ഉച്ചയ്ക്ക് രണ്ടിനാണ് കല്ലാറ്റിലെ തണ്ണിത്തോട് അടവിയിൽ കുട്ടവഞ്ചി തുഴച്ചിൽ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 25 കുട്ടവഞ്ചികൾ മാറ്റുരയ്ക്കും. സംസ്ഥാനത്തെ ജലാശയങ്ങളിൽ വള്ളംകളി ഉൾപ്പെടെയുളള ജലമേളകൾ നടക്കാറുണ്ടെങ്കിലും കരിയാട്ടത്തിന്റെ ഭാഗമായി 2023 ലാണ് കേരളത്തിലെ ആദ്യ കുട്ടവഞ്ചി തുഴച്ചിൽ മത്സരം നടന്നത്. അന്ന് കല്ലാറിന്റെ ഇരുകരകളിലും തടച്ചികൂടിയ വൻ ജനാവലി ആർപ്പുവിളികളോടെ നെഞ്ചേറ്റിയ മത്സരം കഴിഞ്ഞ വർഷം പ്രകൃതി ദുരന്തങ്ങളെ തുടർന്ന് നടത്താൻ കഴിഞ്ഞില്ല. ഇത്തവണത്തെ മത്സരം പൂർവാധികം ഗംഭീരമായി നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. ഇതിനുള്ള തയ്യാറെടുപ്പുകൾ അടവിയിൽ പുരോഗമിക്കുകയാണ്. മത്സര നടത്തിപ്പിനായി അടവിയിൽ ചേർന്ന സംഘാടക സമിതി യോഗം അഡ്വ. കെ.യു..ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മത്സരത്തിന്റെ ഭാഗമായി അലങ്കരിച്ച കുട്ടവഞ്ചികളുടെ പ്രദർശന ജലഘോഷയാത്രയാണ് ആദ്യം നടക്കുക. തുടർന്ന് ടീമുകളായി തിരിച്ച് കുട്ടവഞ്ചികളുടെ മത്സരം ആരംഭിക്കും. ഒന്നും, രണ്ടും, മൂന്നും ബാച്ചുകളിലായി നടക്കുന്ന മത്സരത്തിലൂടെ വിജയികളെ കണ്ടെത്തും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്യും.
കരിയാട്ടം എക്സ്പോ
അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ സംസ്ഥാന ടൂറിസം, സംസ്കാരികം , വ്യവസായം, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെയും ഫോക് ലോർ അക്കാദമിയുടെയും ആഭിമുഖ്യത്തിൽ 30 മുതൽ സെപ്തംബർ എട്ട് വരെ കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിലാണ് കരിയാട്ടം എക്സ്പോ . കലാസന്ധ്യകളെ ഇളക്കി മറിക്കാൻ സിത്താര കൃഷ്ണകുമാർ, വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി, പ്രസീത ചാലക്കുടി തുടങ്ങിയവരുടെ വമ്പൻ താരനിരയും വിവിധ ദിവസങ്ങളിൽ കോന്നിയിൽ എത്തും. പ്രതിഭാസംഗമം, ചിത്ര പ്രദർശനം, ചലച്ചിത്ര മേള, മെഡിക്കൽ ക്യാമ്പുകൾ, സെമിനാറുകൾ, കയാക്കിംഗ് ഫെസ്റ്റ്, ഗജമേള, തൊഴിൽ മേള, ഓണാഘോഷ പരിപാടികൾ എന്നിവയും അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |