പത്തനംതിട്ട : കുടുംബശ്രീ ഹാപ്പി കേരളം പദ്ധതി നഗരങ്ങളിലേക്കുമെത്തുന്നു. കുടുംബങ്ങളെ സന്തോഷപ്രദമാക്കി ഓരോ കുടുംബത്തിന്റെയും സാഹചര്യങ്ങൾ വിലയിരുത്തി പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. പന്തളം നഗരസഭയിലാണ് തുടക്കത്തിൽ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എട്ട് പഞ്ചായത്തുകളിലാണ് നിലവിൽ പദ്ധതിയുള്ളത്. മറ്റ് നഗരസഭകളിലേക്കും പദ്ധതി തയ്യാറാക്കും. സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളിലെ 154 മാതൃകാ സി.ഡി.എസുകളിൽ നടപ്പാക്കി വരുന്ന പദ്ധതിയാണിത്. കുടുംബങ്ങളിലെ സന്തോഷസൂചിക ഉയർത്താനുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുക. അടുത്ത മാസം പദ്ധതി ആരംഭിക്കും.
സി.ഡി.എസുകളിലെ ചെയർപേഴ്സൺമാർ, ജില്ലയിലെ എഫ്.എൻ എച്ച്.ഡബ്ല്യു ചുമതലയുള്ള എ.ഡി എം.സി, ഡി.പി.എം, ജില്ലാ റിസോഴ്‌സ് പേഴ്‌സൺമാർ തുടങ്ങിയവർക്ക് പ്രത്യേക ഓൺലൈൻ പരിശീലനം നൽകും. ജില്ലകളിൽ അഞ്ച് ഹാപ്പി കേരളം റിസോഴ്‌സ് പേഴ്‌സൺമാർക്കു വീതമാണ് മാതൃകാ സി.ഡി.എസുകളുടെ ചുമതല.
സി.ഡി.എസുകളിൽ 15 മുതൽ 20 വരെ കുടുംബങ്ങളെ ഉൾപ്പെടുത്തി ഇടങ്ങൾ രൂപീകരിച്ചാണ് പ്രവർത്തനം. നഗരപ്രദേശങ്ങളിൽ അഞ്ച് ഇടങ്ങൾ രൂപീകരിക്കും. അഞ്ചും ഒരേ വാർഡിൽ തന്നെയാകും. ഏത് വാർഡാണെന്ന് സി.ഡി.എസിൽ ചർച്ച ചെയ്ത് തീരുമാനിക്കും. അടുത്തടുത്തു വരുന്ന 20 കുടുംബങ്ങളെയാണ് ഒരു ഇടമായി കണക്കാക്കുക.ശേഷം മൈക്രോ പ്ലാൻ തയ്യാറാക്കും. തുല്യത, സാമ്പത്തിക സുസ്ഥിരത, ശുചിത്വം, വ്യക്തികളുടെ മാനസിക ശാരീരികാരോഗ്യ സംരക്ഷണം, പരിസര സൗഹൃദ കുടുംബാന്തരീക്ഷം സൃഷ്ടിക്കൽ, പോഷകാഹാരം, ജനാധിപത്യമൂല്യങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം ചർച്ചചെയ്താണ് മൈക്രോ പ്ലാൻ തയ്യാറാക്കുക.
നിലവിൽ 9 ഹാപ്പിനസ് കേന്ദ്രങ്ങൾ
1. കുറ്റൂർ
2. കൊറ്റനാട്
3. തോട്ടപ്പുഴശ്ശേരി
4. നാരങ്ങാനം
5. സീതത്തോട്
6. വള്ളിക്കോട്
7. ഏഴംകുളം
8. പന്തളം തെക്കേക്കര
(പഞ്ചായത്തുകൾ)
9. പന്തളം നഗരസഭ
ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ക്രിയാത്മക മാറ്റങ്ങളുണ്ടാക്കാൻ ഹാപ്പി കേരളത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ.
പി.ആർ.അനൂപ
ജില്ലാ മിഷൻ ഡി.പി.എം കുടുംബശ്രീ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |