
പത്തംനംതിട്ട : ജില്ലയിലെ ദേശസാൽകൃത ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 111.82 കോടി രൂപ. ആകെ 4,07,747 ബാങ്ക് അക്കൗണ്ടുകളിലായാണ് ഇത്രയും തുകയുള്ളത്. നോമിനിയെ നിശ്ചയിക്കാത്ത അക്കൗണ്ടുകളാണിവ. ഇൻഷുറൻസ്, ഒാഹരി, ഡിവിഡന്റ്, മ്യൂച്വൽ ഫണ്ട് എന്നിവയിലുള്ള നിക്ഷേപങ്ങൾ കൂടി വരുന്നതോടെ ആകെ തുക ഇനിയും വർദ്ധിക്കും. ക്ളെയിം ചെയ്യാത്ത നിക്ഷേപങ്ങൾ ആർ.ബി.ഐയിലേക്കും ക്ളെയിം ചെയ്യാത്ത ഒാഹരികളും ലാഭ വിഹിതങ്ങളും ഇൻവെസ്റ്റർ എഡ്യുക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ടിലേക്കും മാറ്റും. ഇൗ തുക അവകാശികൾക്ക് തിരികെ നൽകുന്നതിനായി കേന്ദ്രസർക്കാർ രാജ്യവ്യാപകമായി 'നിങ്ങളുടെ പണം നിങ്ങളുടെ അവകാശം' എന്ന ബോധവൽക്കരണ പരിപാടിക്ക് തുടക്കമിട്ടിട്ടുണ്ട്.
ആശങ്ക വേണ്ട, ഉദ്ഗം പോർട്ടലുണ്ട്
ക്ളെയിം ചെയ്യാതെ കിടക്കുന്ന തുകയിൽ സംശയം തോന്നിയാൽ അക്കൗണ്ട് ഉടമയുടെ ബന്ധുക്കൾക്ക് തുക ലഭിക്കാനായി റിസർവ് ബാങ്ക് തുടങ്ങിയ www. udgam.rbi.org.in (ഉദ്ഗം) എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. പോർട്ടലിൽ പ്രവേശിച്ച് അക്കൗണ്ട് ഉടമയുടെ പേര്, പാൻ, വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ജനന തീയതി തുടങ്ങിയ രേഖകൾ നൽകി ക്ളെയിം ചെയ്യാത്ത നിക്ഷേപങ്ങൾ തിരയാം. അപ്പോൾ അൺക്ളെയിഡ് ഡെപ്പോസിറ്റ് റെഫറൻസ് നമ്പർ ലഭിക്കും. ബാങ്കുകളിൽ നിന്ന് തുക തിരികെ ലഭിക്കുന്നതിന് ഇൗ നമ്പർ ഉപയോഗിക്കണം. അവകാശികളില്ലാതെ 30ലേറെ ബാങ്കുകളിൽ കിടക്കുന്ന ആസ്തികളുടെ വിവരങ്ങളും പോർട്ടലിൽ ലഭിക്കും.
ആസ്തികൾ കൈമാറും, ക്യാമ്പ് 3ന്
അവകാശികളില്ലാത്ത ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, ഇൻഷുറൻസ് ക്ളെയിം, ഒാഹരികൾ, മറ്റ് സാമ്പത്തിക ആസ്തികൾ എന്നിവ യഥാർത്ഥ ഉടമകൾക്കാേ അവരുടെ നിയമപരമായ അവകാശികൾക്കോ കൈമാറുന്നതിന് അടുത്തമാസം മൂന്നിന് രാവിലെ 9.30 മുതൽ വൈകിട്ട് നാല് വരെ പത്തനംതിട്ട അബാൻ ആർക്കേഡിൽ ക്യാമ്പ് നടത്തും. പത്ത് വർഷത്തിലേറെയായി നിഷ്ക്രിയമായി തുടരുന്ന ബാങ്ക് അക്കൗണ്ടുകളും അവകാശികളില്ലാത്ത നിക്ഷേപ തുകകളും ആർ.ബി.ഐയുടെ ഡെപ്പോസിറ്റ് എഡ്യുക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് മാറ്റാം.
വ്യക്തികൾക്കോ അവരുടെ നിയമപരമായ അവകാശികൾക്കോ എപ്പോൾ വേണമെങ്കിലും ഫണ്ടുകൾ ക്ളെയിം ചെയ്യാം. ബാങ്കിംഗ്, ഇൻഷുറൻസ്, ധനകാര്യം മറ്റ് അനുബന്ധ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തം ക്യാമ്പിലുണ്ടാകും. സാധുവായ തിരിച്ചറിയൽ കാർഡും അനുബന്ധ രേഖകളും സഹിതം ക്യാമ്പിൽ പങ്കെടുക്കണം.
കെ.എസ്.മനോജ്, ലീഡ് ബാങ്ക് മാനേജർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |