
ശബരിമല: ദേവസ്വം മെസ്സ് അവതാളത്തിലായതോടെ ജീവനക്കാർക്കുള്ള ഭക്ഷണം അന്നദാന മണ്ഡപത്തിലാക്കിയത് തീർത്ഥാടകരുടെ പ്രതിഷേധത്തിന് കാരണമായി. തുടർന്ന് മെസ് നടത്തിപ്പിന്റെ കരാറുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാറാണ് നടപടി സ്വീകരിച്ചത്. കരാറിൽ നിന്ന് ഒഴിവാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ അറിയിക്കണമെന്നാണ് നോട്ടീസ്. നട തുറന്നതിന് ശേഷം മെസിന്റെ പ്രവർത്തനം സംബന്ധിച്ച് വ്യാപക പരാതി ഉയർന്നിരുന്നു. നിലവാരം കുറഞ്ഞ ഭക്ഷണം അരവണ ഗോഡൗണിന് സമീപം പ്രവർത്തിക്കുന്ന സ്റ്റാഫ് മെസ്സിൽ നിന്നും വിതരണം ചെയ്തതോടെ ജീവനക്കാർ പ്രതിഷേധിക്കുകയും ദേവസ്വം ഉന്നത ഉദ്യോഗസ്ഥരോട് പരാതി പറയുകയും ചെയ്തു. ഇതേതുടർന്നാണ് ഇവർക്കുള്ള ഭക്ഷണം മാളികപ്പുറത്തിന് പിൻഭാഗത്തുള്ള അന്നദാനമണ്ഡപത്തിലേക്ക് മാറ്റിയത്. തിരക്കുള്ളപ്പോൾ ദേവസ്വം ഉദ്യോഗസ്ഥർക്ക് പ്രത്യേകമായി ഭക്ഷണം വിളമ്പിയതാണ് ഭക്തരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
കഴിഞ്ഞ 16നാണ് മെസ് നടത്തിപ്പിന് അനുമതി നൽകിയതെന്ന് കരാറെടുത്ത ക്വാളിറ്റി കാറ്ററിംഗ് ഉടമ പറഞ്ഞു. സമയ പരിമിതിയാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും. ഇത് ഉടൻ പരിഹരിക്കുമെന്നും നോട്ടിസിന് മറുപടി നൽകുമെന്നും കരാറുകാരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |