
ശബരിമല : ശരംകുത്തിക്ക് സമീപം ഇന്നലെ കാട്ടാന ഇറങ്ങിയത് തീർത്ഥാടകരെയും പൊലീസിനെയും വനപാലകരെയും പരിഭ്രാന്തിയിലാക്കി. ഇന്നലെ വൈകിട്ട് 4.45ന് ശരംകുത്തിയിൽ നിന്ന് വലിയ നടപ്പന്തലിലേക്കുള്ള പാതയിൽ യു ടേണിന് സമീപമാണ് ആദ്യം ഒറ്റകൊമ്പനെ കണ്ടത്. ഇതുവഴി സഞ്ചരിച്ച ഫുഡ് പട്രോളിംഗ് സംഘമാണ് ആന വനത്തിൽ നിന്ന് ശരണപാതയിലേക്ക് ഇറങ്ങിവരുന്നത് കണ്ടത്. ഇവർ അറിയിച്ചതനുസരിച്ച് ഉടൻ തന്നെ പാതയുടെ ഇരുവശവും പൊലീസ് തീർത്ഥാടകരെ തടഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ച് തിരികെ ആനയെ കാട്ടിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ബാരിക്കേടുകൾ തകർത്ത് തീർത്ഥാടകർ ഏറെ കടന്നുപോകുന്ന ചന്ദ്രാനന്ദൻ റോഡിലേക്ക് ഇറങ്ങി. ഇവിടെയും പാതയുടെ ഇരുവശവും തീർത്ഥാടകരെ പൊലീസ് സുരക്ഷിതമായി തടഞ്ഞു. ചന്ദ്രാനന്ദൻ റോഡിൽ നിന്ന് വനത്തിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഓടയുടെ സ്ലാബ് തകർന്ന് ആനയുടെ കാല് കുടുങ്ങി. സ്ലാബും റോഡിന്റെ ഒരു ഭാഗത്തെ ഇരുമ്പ് ബാരിക്കേടും സി.സി.ടി.വി കേബിളുകളും തകർത്തശേഷം ആന വനത്തിലേക്ക് കയറി. വനംവകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനയെ പിൻതുടർന്ന് ഉൾവനത്തിലേക്ക് കയറ്റിയ ശേഷമാണ് മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |