
ശബരിമല : മണ്ഡലകാല തീർത്ഥാടനത്തനിന് പരിസമാപ്തികുറിച്ച് മണ്ഡലപൂജ 27ന് രാവിലെ 10.10 നും 11.30നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ നടക്കുമെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അറിയിച്ചു. പൂജയോടനുബന്ധിച്ചുള്ള ദീപാരാധന 11.30ന് പൂർത്തിയാകും.
ദേവസ്വം ബോർഡിന്റെ ആറന്മുളയിലെ സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന തങ്കഅങ്കി പുറത്തെടുത്ത് 23ന് പുലർച്ചെ 5 മുതൽ ആറന്മുള ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനത്തിനായി തുറന്നുവയ്ക്കും. തുടർന്ന് തങ്കഅങ്കി അലങ്കരിച്ച രഥത്തിലേക്ക് മാറ്റും. രാവിലെ 7ന് തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെടും. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 26ന് ഉച്ചയ്ക്ക് രഥഘോഷയാത്ര പമ്പയിലെത്തിച്ചേരും. ഇവിടെ നിന്ന് പ്രത്യേക പേടകങ്ങളിലാക്കുന്ന തങ്ക അങ്കി ആഘോഷ പൂർവം ഗുരുസ്വാമിമാർ തലയിലേന്തി നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, ശരംകുത്തി വഴി സന്നിധാനത്ത് എത്തിക്കും. വൈകിട്ട് 6.30ന് അയ്യപ്പവിഗ്രഹത്തിൽ തങ്കഅങ്കി ചാർത്തി ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കും. അന്നേദിവസം രാത്രി 11ന് ഹരിവരാസനം പാടി നടഅടയ്ക്കുന്നതോടെ മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തി കുറിക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് 5ന് വീണ്ടും ശബരിമലനട തുറക്കും. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ 1973ൽ സമർപ്പിച്ചതാണ് 420 പവൻ തൂക്കമുള്ള തങ്കഅങ്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |