
പത്തനംതിട്ട: സ്കൂൾ അദ്ധ്യയനവർഷം അവസാനിക്കാറായിട്ടും ഏഴുമാസം മുമ്പ് പാചക തൊഴിലാളികൾക്ക് സർക്കാർ നൽകിയ വാഗ്ദാനം നടപ്പായില്ല. വേതന വർദ്ധനയടക്കമുള്ള പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും കുട്ടികൾക്ക് നല്ല ഭക്ഷണം പാകം ചെയ്യുകയാണ് തൊഴിലാളികൾ.
പുതിയ മെനുവിൽ ജോലിഭാരം ഇരട്ടിച്ചിട്ടും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിൽ കടുത്ത പ്രതിഷേധത്തിലാണിവർ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിഹിതം ഇടുന്ന വേതനം ഒന്നിച്ചുകിട്ടാത്തതിനാൽ തൊഴിലാളികൾക്ക് പ്രയോജനമുണ്ടാകുന്നുമില്ല. സംസ്ഥാന ബഡ്ജറ്റിൽ പാചക തൊഴിലാളികളുടെ ദിവസ വേതനത്തിൽ 25രൂപ വർദ്ധന വരുത്തിയത് പ്രാബല്യത്തിലായില്ല.
കഴിഞ്ഞ ജൂണിലും ആഗസ്റ്റിലും തൊഴിലാളി സംഘടനകൾ സർക്കാരുമായി നടത്തിയ ചർച്ചയിൽ ധാരണയായ വിഷയങ്ങളിൽ ഒന്നുപോലും നടപ്പാക്കിയില്ല. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത്, സർക്കാർ നൽകിയ ഉറപ്പ് പാലിക്കാത്തത് ചർച്ചയാക്കാനൊരുങ്ങുകയാണ് സംഘടനകൾ.
ഒരുതൊഴിലാളി 500 കുട്ടികൾക്കാണ് ഭക്ഷണം പാകം ചെയ്യേണ്ടത്. ഇത് 250 എന്ന കണക്കിൽ കുറയ്ക്കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. വിദ്യാഭ്യാസ, തൊഴിൽ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ 300 എന്ന് ധാരണയിലെത്തിയിരുന്നു. ഒരുവർഷത്തേക്ക് ഹെൽത്ത് കാർഡ്, യൂണിഫോം, ഇൻഷ്വറൻസ് തുടങ്ങിയവയാണ് സർക്കാർ ഉറപ്പ് നൽകിയ മറ്റുകാര്യങ്ങൾ.
കേന്ദ്രവിഹിതം ലഭിച്ചിട്ട് നാലുമാസം
പാചക തൊഴിലാളികൾക്ക് പ്രതിമാസം 1000രൂപ കേന്ദ്രസർക്കാർ നൽകുന്നത് നാലുമാസമായി മുടങ്ങിയിരിക്കുകയാണ്. ഒക്ടോബർ മുതലാണ് വിഹിതം കിട്ടാനുള്ളത്. കേന്ദ്രത്തിൽ നിന്ന് ഫണ്ട് കിട്ടാനുണ്ടെന്നാണ് സംസ്ഥാന സർക്കാർ തൊഴിലാളികളെ അറിയിച്ചിരിക്കുന്നത്. ഫണ്ട് നേടിയെടുക്കാൻ സംസ്ഥനം അടിയന്തര ഇടപെടൽ നടത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
സംസ്ഥാന സർക്കാർ നൽകിയ ഉറപ്പുകൾ
1. 300 കുട്ടികൾക്ക് ഒരു തൊഴിലാളി (നിലവിൽ 500 കുട്ടികൾക്ക് ഒരു തൊഴിലാളി)
2. വർഷത്തിൽ ഒരിക്കൽ ഹെൽത്ത് കാർഡ്
3. യൂണിഫോം
4. ഇൻഷ്വറൻസ് പരിരക്ഷ
5. പ്രായം 65 കഴിഞ്ഞ തൊഴിലാളികളെ പരിച്ചുവിടുമ്പോൾ 15ദിവസത്തെ ആനുകൂല്യം
ജില്ലയിൽ പാചക തൊഴിലാളികൾ
1200
കുട്ടികൾക്ക്
ആഴ്ചയിൽ മൂന്ന് ദിവസം ചോറും കറികളും
മറ്റ് ദിവസങ്ങളിൽ ഫ്രൈഡ് റൈസ്, മുട്ട ബിരിയാണി
പാചക തൊഴിലാളികളുമായി രണ്ടുതവണ സർക്കാർ ചർച്ച നടത്തി. ഉറപ്പുകൾ നൽകിയതൊന്നും നടപ്പായില്ല. വീണ്ടും സമരത്തിലേക്ക് തള്ളിവിടരുത്.
ഹബീബ് സേട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി
സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |