പന്തളം : ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു. കൊട്ടാരം കുടുംബാംഗമായ കൈപ്പുഴ മാളിക കൊട്ടാരത്തിൽ രേവതിനാൾ രുഗ്മിണി തമ്പുരാട്ടിയുടെ നിര്യാണം മൂലം പരമ്പരാഗത ചടങ്ങുകൾ ഉണ്ടായിരുന്നില്ല. ഘോഷയാത്ര നയിക്കാൻ രാജപ്രതിനിധിയും ഇല്ലായിരുന്നു.
തിരുവാഭരണങ്ങളും ഘോഷയാത്രയും ദർശിക്കാനായി ആയിരക്കണക്കിന് ഭക്തരാണ് പന്തളത്തെത്തിയത്. പുലർച്ചെ വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രനട തുറന്ന് ക്ഷേത്രസോപാനത്തിൽ തിരുവാഭരണങ്ങൾ ദർശനത്തിനു വച്ചു. ഒരുക്കങ്ങൾ പുരോഗമിക്കവേയാണ് കൊട്ടാരം കുടുംബാംഗത്തിന്റെ മരണവാർത്തയെത്തിയത്. ഇതോടെ തിരുവാഭരണങ്ങൾ ദേവസ്വം ഓഫീസിലേക്ക് മാറ്റി. ഉച്ചയ്ക്ക് ഒരു മണിയോടെ, ഘോഷയാത്രയെ അനുഗമിക്കുന്ന കൃഷ്ണപ്പരുന്ത് പുറപ്പെടാനുള്ള സമയമറിയിച്ച് വലിയകോയിക്കൽ ക്ഷേത്രത്തിനു മുകളിൽ വട്ടമിട്ടു പറന്നു. തുടർന്നു ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിൽ ഘോഷയാത്ര ആരംഭിച്ചു.
പത്തനംതിട്ട എ.ആർ ക്യാമ്പിലെ അസി.കമാൻഡന്റ് എം.സി.ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള 40 അംഗ സായുധപൊലീസും ബോംബുസ്‌ക്വാഡും സുരക്ഷയൊരുക്കി അനുഗമിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രമോദ് നാരായണൻ എം.എൽ.എ , ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, മെമ്പർ അഡ്വ.ജീവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ , ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ,നഗരസഭാ ചെയർപേഴ്സൺ സുശീല സന്തോഷ്, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ വി.എസ്.ശ്രീകുമാർ, പത്തനംതിട്ട എ.ഡി.എം ബി.രാധാകൃഷ്ണൻ, മുൻമന്ത്രി പന്തളം സുധാകരൻ, മുൻ എം.എൽ.എമാരായ എ.പത്മകുമാർ, കെ.കെ.ഷാജു, മാലയത്ത് സരളാദേവി, ജില്ലാ പൊലീസ് ചീഫ് സ്വപ്നിൽ മധുകുമാർ മഹാജൻ, ഡിവൈ.എസ്.പിമാരായ ജി.സന്തോഷ് കുമാർ, ആർ.ബിനു ,ബി.നന്ദകുമാർ, കെ.എ.വിദ്യാധരൻ, ആർ.ജയരാജ്, ബിജുകുമാർ, പന്തളം സി.ഐ എസ്.ശ്രീകുമാർ, അയ്യപ്പസേവാസംഘം വൈസ് പ്രസിഡന്റ് ഡി.വിജയകുമാർ, പി.മോഹൻരാജ്, അഡ്വ.സൂരജ്, ലസിതാനായർ, ആർ.ജ്യോതികുമാർ, പഴകുളം ശിവദാസൻ, ജി.രഘുനാഥ്, നഗരസഭാ കൗൺസിലർമാർ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക സാമുദായിക പ്രമുഖർ ഘോഷയാത്രയെ യാത്രയാക്കാൻ വലിയ കോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ എത്തിയിരുന്നു.
സ്വീകരണം നൽകി
മണികണ്ഠനാൽത്തറയിൽ അയ്യപ്പ സേവാസംഘവും സേവാകേന്ദ്രത്തിനു മുമ്പിൽ ശബരിമല അയ്യപ്പസേവാ സമാജവും ഘോഷയാത്രയ്ക്ക് സ്വീകരണം നല്കി. എം.സി റോഡിൽ വലിയപാലം കഴിഞ്ഞപ്പോൾ കുളനട ഗ്രാമപഞ്ചായത്തും സ്വീകരണമൊരുക്കി. കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം വഴി കുളനട ദേവീക്ഷേത്രത്തിലെത്തി തിരുവാഭരണ ദർശനത്തിന് സൗകര്യമൊരുക്കി. കൈപ്പുഴ ഗുരുമന്ദിരത്തിന് മുമ്പിൽ നിറപറയും നിലവിളക്കും വച്ചു സ്വീകരിച്ചു. ഉള്ളന്നൂർ ക്ഷേത്രത്തിലും കുറിയാനിപ്പള്ളി ക്ഷേത്രത്തിലും ദർശനത്തിനുവച്ചു. കിടങ്ങന്നൂർ, നാല്ക്കാലിക്കൽ, ആറന്മുള കിഴക്കേ നട, ചെറുകോൽപ്പുഴ വഴി അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തിയ സംഘം അവിടെ വിശ്രമിച്ചു. വെള്ളിയാഴ്ച പുലരും മുമ്പുതന്നെ ഘോഷയാത്ര പുറപ്പെടും.
ശബരിമല ധർമ്മശാസ്താവിൽ വിലയം പ്രാപിച്ച അയ്യപ്പനെ മകരസംക്രമ സന്ധ്യയിലണിയിക്കാൻ വളർത്തച്ഛൻ പന്തളം രാജാവ് പണികഴിപ്പിച്ചതാണ് തങ്കത്തിൽ തീർത്ത തിരുവാഭരണങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |