കൈക്കുഞ്ഞടക്കം അത്ഭുതകരമായി രക്ഷപ്പെട്ടു
തിരുവനന്തപുരം: അലങ്കാര മത്സ്യങ്ങളും അനുബന്ധ ഉപകരണങ്ങളും വിൽക്കുന്ന ജില്ലയിലെ പ്രധാന സ്ഥാപനം പൂർണമായി കത്തി നശിച്ചു. വഴുതക്കാട് എം.പി അപ്പൻ റോഡിലെ കെ.എസ് ഹോം അക്വേറിയത്തിലും ഗോഡൗണിലുമാണ് വൻ തീപിടിത്തമുണ്ടായത്. ആളിപ്പടർന്ന തീ സമീപത്തെ രണ്ട് വീടുകളിലേക്കും പടർന്നു. വീട്ടിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞടക്കം അത്ഭുതകരമായി രക്ഷപ്പെട്ടു. ഗോഡൗണിലെ അലങ്കാര മത്സ്യങ്ങൾ,വളർത്തുപക്ഷികൾ എന്നിവയടക്കം മുഴുവൻ സാധനങ്ങളും കെട്ടിടവും പൂർണമായി അഗ്നിക്കിരയായി. നാല് മണിക്കൂറോളമെടുത്ത് രാത്രി എട്ടോടെയാണ് തീ പൂർണമായി അണച്ചത്.
ഗോഡൗണിന് പിറകുഭാഗത്തെ സന്തോഷ് കുമാറിന്റെ വീടിന്റെ ഓടിട്ട ഭാഗം പൂർണമായി അഗ്നിക്കിരയായി. ഉപകരണങ്ങളും ആധാരം ഉൾപ്പെടെയുള്ള രേഖകളും കത്തിനശിച്ചു. വീടിന്റെ മുക്കാൽ ഭാഗത്തോളം നശിച്ചിട്ടുണ്ട്. സന്തോഷിന്റെ ആറുമാസം പ്രായമുള്ള കുഞ്ഞ് തീപിടിക്കുമ്പോൾ വീട്ടിലുണ്ടായിരുന്നു. സന്തോഷിന്റെ സഹോദരി രാജേശ്വരിയുടെ വീടിനും നാശനഷ്ടമുണ്ടായി.
ഇന്നലെ വൈകിട്ട് 3.45ഓടെയായിരുന്നു സംഭവം. സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിലും, മുകളിൽ ഷീറ്റിട്ട് മറച്ച ഗോഡൗണിലുമാണ് തീപിടിച്ചത്. രണ്ട് പതിറ്റാണ്ടിലേറെയായി ഈ സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വഴുതക്കാട് സ്വദേശികളായ ആൽബർട്ടും സഹോദരൻ അജിലുമാണ് ഇപ്പോഴത്തെ ഉടമകൾ.
ജില്ലയിലെ അലങ്കാര മത്സ്യവില്പന നടത്തുന്ന മൊത്തവില്പന കേന്ദ്രങ്ങളിലൊന്നാണിത്. മുകളിലത്തെ ഷെഡിലുണ്ടായിരുന്ന പ്ലാസ്റ്റിക് വയറുകൾ, മോട്ടോർ,അക്വേറിയങ്ങളുടെ തടി മേൽക്കൂര,സ്‌പോഞ്ച്, തെർമോക്കോൾ, ഗ്ലാസ് ബൗളുകൾ, ബൗളുകൾ പൊതിഞ്ഞ് വരുന്ന വൈക്കോൽ, ഇവ കൊണ്ടുവരുന്ന തടി ബോക്സ് തുടങ്ങി തീ പടരുന്ന നിരവധി വസ്തുക്കൾ ഗോഡൗണിലുണ്ടായിരുന്നു. ഇത് തീയണയ്ക്കാൻ ബുദ്ധിമുട്ടുണ്ടാക്കി. രണ്ടര മണിക്കൂറിലേറെ എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഗോഡൗണിൽ ചേർന്ന് നാലുഭാഗത്തും വീടുകളുണ്ടായിരുന്നു. ഇവിടത്തെ താസമക്കാരെയെല്ലാം ആദ്യമേ ഒഴിപ്പിച്ചു. ഗ്യാസ് സിലിണ്ടർ അടക്കം പൊട്ടിത്തെറിക്കുന്നതും ആളിപ്പടരുന്നതുമായ സാധനങ്ങളും മാറ്റി. ഇടുങ്ങിയ റോഡിലാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. അതിനാൽ തീയണയ്ക്കാൻ ഏറെ പണിപ്പെട്ടു.
ഒടുവിൽ അക്വേറിയത്തിന്റെ മതിൽ പൊളിച്ചും സമീപത്തെ വീടുകളിലെ വളപ്പിലൂടെയുമാണ് കെട്ടിടത്തിനകത്തേക്ക് ഹോസുകൾ കൊണ്ടുപോയി വെള്ളം ചീറ്റിയത്. മറുഭാഗത്ത് വഴുതക്കാട് ആകാശവാണി റോഡിലും ഫയർഫോഴ്‌സ് വാഹനങ്ങൾ നിറുത്തി ഇടവഴിയിലൂടെ മറുഭാഗത്തു കൂടിയും വെള്ളം ചീറ്റി. ജില്ലയിലെ പ്രധാന ഫയർഫോഴ്സ് കേന്ദ്രങ്ങൾ, വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നും 15 ഓളം വാഹനങ്ങളും ജീവനക്കാരും തീയണയ്ക്കാൻ എത്തി.പൊലീസിന്റെ വരുൺ വാഹനവും വെള്ളമെത്തിച്ചു.
അക്വേറിയത്തിൽ ഒരുമാസമായി മേൽക്കൂര വെൽഡിംഗ് അടക്കം നടക്കുകയായിരുന്നു. ഇന്നലെയും വെൽഡിംഗ് പണി ഉണ്ടായിരുന്നു. ഇതിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. പഴയ വയറിംഗ് ആയതിനാൽ വെൽഡിംഗ് മെഷീൻ പ്രവർത്തിക്കുമ്പോൾ ഉണ്ടായ ഷോർട്ട് സർക്യൂട്ടും അഗ്‌നിബാധയ്ക്ക് കാരണമായെന്ന് സംശയിക്കുന്നു. കടയിൽ ആറ് ജീവനക്കാരും ഉടമയും അറ്റകുറ്റപ്പണി നടത്തുന്ന രണ്ട് തൊഴിലാളികളും സംഭവം നടക്കുമ്പോൾ ഉണ്ടായിരുന്നു. തീ കെടുത്താനാകില്ലെന്ന് മനസിലായതോടെ ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മന്ത്രി ആന്റണി രാജു, വി.കെ.പ്രശാന്ത് എം.എൽ.എ, കളക്ടർ ജെറോമിക് ജോർജ്, ഡി.സി.പി വി.അജിത് തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |