തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂർ ഉഴപ്പാക്കോണം സ്വദേശി സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്താൻ പ്രതി ഉപയോഗിച്ച കത്തി ശാസ്ത്രീയ പരിശോധന കഴിഞ്ഞ് ഇതുവരെ തിരികെ കിട്ടിയില്ല. കത്തി കോടതിയിൽ ഇല്ലാത്തതിനാൽ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ അടക്കമുള്ളവരെ വീണ്ടും വിസ്തരിക്കേണ്ടിവരും. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്. കേസ് വ്യാഴാഴ്ച കോടതി പരിഗണിച്ചപ്പോൾ സൂര്യഗായത്രിയുടെ മൃതശരീരം പോസ്റ്റുമോർട്ടം ചെയ്ത പൊലീസ് സർജൻ ഡോ. ധന്യ രവീന്ദ്രനെ വിസ്തരിച്ചിരുന്നു. കുത്താനുപയോഗിച്ച കത്തി തിരിച്ചറിയാൻ ഡോക്ടറെ കാണിക്കേണ്ടതുണ്ടായിരുന്നു. എന്നാലിതിന് കഴിഞ്ഞില്ല. ഇക്കാരണത്താൽ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. ധന്യ രവീന്ദ്രന് പുറമെ ഡോക്ടർമാരായ അഞ്ചു പ്രതാപ്, ബി. സന്തോഷ് കുമാർ, ദീപ ഹരിഹരൻ, ഷാനവാസ് മുസലിയാർ, അബിൻ എസ്. സെബാസ്റ്റ്യൻ എന്നിവരെയും കോടതി സാക്ഷികളായി വിസ്തരിച്ചു. സൂര്യഗായത്രിയുടെ ഭർത്താവ് കൊല്ലം ചന്ദനത്തോപ്പ് സ്വദേശി രതീഷിനെയും വിസ്തരിച്ചു.
കൊല്ലപ്പെടുന്നതിന് മൂന്നുമാസം മുമ്പ് തന്നോട് പിണങ്ങി സൂര്യഗായത്രി അമ്മയുടെ കൂടെ നെടുമങ്ങാട്ട് നിൽക്കുകയായിരുന്നെന്നും പ്രതി തന്നെ ഫോണിൽ വിളിച്ച് സൂര്യഗായത്രിക്കും അമ്മയ്ക്കും താൻ ഒരു പണി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞതായും രതീഷ് കോടതിയിൽ മൊഴി നൽകി. കൃത്യം നടന്ന വീട്ടിനുള്ളിലെ ചുമരിൽ നിന്ന് ലഭിച്ച വിരലടയാളം പ്രതി അരുണിന്റെ ഇടതുകൈയിലേതാണെന്ന് ഫിംഗർ പ്രിന്റ് വിദഗ്ദ്ധൻ വിഷ്ണു കെ. നായർ കോടതിയിൽ മൊഴിനൽകി. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |