തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഇത്തവണത്തെ പൊങ്കാല മഹോത്സവത്തിന് പൊങ്കാല സമർപ്പിക്കാനെത്തുന്ന ഭക്തജനങ്ങളുടെ എണ്ണം അരക്കോടിയിലെത്തിയാലും അത്ഭുതപ്പെടാനില്ലെന്ന കണക്കുകൂട്ടലിലാണ് ക്ഷേത്രം ട്രസ്റ്റ്. കൊവിഡ് കവർന്ന രണ്ടു വർഷത്തിനു ശേഷം നഗരം നിറയെ അടുപ്പുകൾ നിരക്കുകയും തലസ്ഥാനവാസികൾ ഒന്നടങ്കം ആഘോഷമാക്കുകയും ചെയ്യുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം പഴയ പകിട്ടിലേക്ക് മടങ്ങിയെത്തുന്നത് ഇത്തവണയാണ്.അതുകൊണ്ടുതന്നെ 2020ലെ പൊങ്കാലയെ അപേക്ഷിച്ച് പങ്കാളികളാകുന്ന ഭക്തരിൽ 40 ശതമാനത്തിന്റെ വർദ്ധനയുണ്ടാകുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. 2020 മാർച്ച് 9ന് നടന്ന പൊങ്കാലയിൽ ഏകദേശം 35 ലക്ഷം പേർ പങ്കെടുത്തിരുന്നുവെന്നാണ് കണക്ക്.ശബരിമല,തിരുവൈരാണിക്കുളം ക്ഷേത്രം എന്നിവിടങ്ങളിലെ തിരക്കിൽ വന്ന വർദ്ധനയുടെ തോത് കണക്കാക്കിയാണ് ആറ്റുകാലിലേക്കുള്ള ഭക്തരുടെ വരവിൽ 40% വർദ്ധനയുണ്ടാകുമെന്ന് പൊലീസ് അനുമാനിക്കുന്നത്. കൂടുതൽ ഭക്തർ എത്തുമെന്നുറപ്പാക്കി കൂടുതൽ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ശിശുപാലൻ നായർ പറഞ്ഞു. രാവിലെ 5 മുതൽ രാത്രി ഒരു മണി വരെ ഭക്തർക്ക് ദർശനത്തിന് സൗകര്യമുണ്ടായിരിക്കും. തിരക്കില്ലാതെ ക്ഷേത്രത്തിൽ പ്രവേശിക്കാനായി പ്രത്യേക ക്യൂ സംവിധാനമുണ്ടാകും. പൊലീസിന്റേതു കൂടാതെ ക്ഷേത്രത്തിനകത്തും പരിസരത്തുമായി ട്രസ്റ്റ് കൂടുതൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാപ്പ്കെട്ട് പുലർച്ചെ 4.30ന്
പൊങ്കാല മഹോത്സവം ആരംഭിക്കുന്ന 27ന് പുലർച്ചെ 2.30നാണ് പളളിയുണർത്തൽ. നിർമ്മാല്യദർശനം,അഭിഷേകം,ദീപാരാധന എന്നിവയ്ക്കു ശേഷം 4.430ന് കാപ്പ്കെട്ടി കുടിയിരുത്തൽ ചടങ്ങ് നടക്കും. അപൂർവമായിട്ടാണ് പുലർച്ചെ കാപ്പ്കെട്ട് ചടങ്ങ് നടക്കുന്നത്. കാർത്തിക നാൾ കാപ്പ് കെട്ടി പൂരം നാളിലാണ് പൊങ്കാല നടക്കുന്നത്. 26ന് ആരംഭിച്ച് 27ന് പുലർച്ചെ കാർത്തിക നക്ഷത്രം അവസാനിക്കും. ഉത്സവം പത്ത് നാളാണ്. അതുകൂടി കണക്കിലെടുത്ത് ക്ഷേത്ര തന്ത്രിയുടെ ഉപദേശ പ്രകാരമാണ് 27ന് കാർത്തികനാൾ അവസാനിക്കുന്നതിനു മുമ്പ് കാപ്പ്കെട്ട് ചടങ്ങ് നടത്തുന്നത്. മാർച്ച് 8ന് ഉത്സവം സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |