SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.00 AM IST

കുംഭച്ചൂടിൽ മനംനിറച്ച് പൊങ്കാല

തിരുവനന്തപുരം: കൈവല്യദായിനിയായ ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കാനെത്തിയവർക്ക് കുംഭച്ചൂടിൽ തിളയ്‌ക്കുന്ന നഗരപാതകളോ അടുപ്പിൽ നിന്നുള്ള ചൂടോ ഒന്നും തടസമായിരുന്നില്ല. കലത്തിലേക്ക് അരിമണികൾ അർപ്പിക്കുമ്പോൾ പലരുടെയും മിഴികൾ നിറഞ്ഞൊഴുകി. പ്രാർത്ഥനകൾ പൊങ്കാലയ്ക്കൊപ്പം സ്ത്രീഭക്തർ ദേവിക്ക് മുന്നിൽ സമർപ്പിച്ചു.

ആറ്റുകാലമ്മയുടെ തിരുനടയിൽ പാട്ടുപുരയ്ക്കു മുന്നിൽ തയ്യാറാക്കിയ അടുപ്പിലേക്ക് അഗ്നി പകർന്നപ്പോൾ സമയം 10.40. ചെണ്ടമേളവും വായ്‌ക്കുരവയും മുഴങ്ങിയതിനൊപ്പം കതിനാവെടിയൊച്ചയും മുഴങ്ങി. തൊട്ടടുത്ത നിമിഷം എല്ലാവരും അടുപ്പുകളിലേക്ക് തീ പകരാനുള്ള മൈക്ക് അനൗൺസ്‌മെന്റുമെത്തി. നോട്ടീസിലെ സമയമനുസരിച്ച് അടുപ്പുവെട്ട് സമയം 10.30നായിരുന്നു. 'ചെണ്ടമേളവും മൈക്കിലൂടെ അറിയിപ്പും വന്ന ശേഷമേ ഭക്തർ അടുപ്പുകളിൽ തീ പകരാവൂ' എന്നായിരുന്നു മൈക്കിലൂടെയുള്ള അറിയിപ്പ്. പക്ഷേ,​ ഈ സമയം പാളയത്തും മറ്റ് ദൂര സ്ഥലങ്ങളിലുമുള്ളവർ അടുപ്പുകളിലേക്ക് തീ പകർന്നിരുന്നു. 10.30 ആയപ്പോഴേക്കും വലിയ തിടപ്പള്ളിയിലെ അടുപ്പിൽ തീ പ‌കർന്നിരുന്നു. അതുകൊണ്ടുതന്നെ ആ സമയത്ത് മറ്റു അടുപ്പുകളിൽ തീ പകരുന്നതുകൊണ്ട് ദോഷമില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

ക്ഷേത്ര പരിസരങ്ങളിലെ പൊങ്കാല അടുപ്പുകളിലേക്ക് പണ്ടാര അടുപ്പിലെ തീ പകർന്നെടുത്താണ് നൽകിയത്. പണ്ടാര അടുപ്പിൽ നിന്ന് പകർന്നെടുക്കുന്ന തീ ആദ്യം നിരവധി പന്തങ്ങളിലേക്ക് പകർന്നു. അതിനുശേഷം ആ പന്തവും വഹിച്ചുകൊണ്ട് ഇരുചക്രവാഹനങ്ങളിൽ വോളന്റിയർമാർ വിവിധ സ്ഥലങ്ങളിൽ പൊങ്കാലയിടുന്നവരുടെ അടുക്കലെത്തിച്ചു. ഓരോ വഴികളുടെ മുന്നിലും പന്തത്തിൽ നിന്ന് തീ പകരാനായി ആളുകൾ കാത്ത് നിന്നിരുന്നു. ഇങ്ങനെ പകർന്നെടുത്ത തീ അടുപ്പുകളിൽ ജ്വലിപ്പിക്കാൻ കഴിയുന്നത് ഭാഗ്യമായാണ് ഭക്തർ കരുതുന്നത്.

ഇന്നലെ ദേവിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ട നിവേദ്യത്തിൽ പ്രധാനമായും 12 തരം വിഭവങ്ങളാണുള്ളത്. വെള്ളച്ചോറ്, ശർക്കരപ്പായസം, മണ്ടപ്പുറ്റ്, തെരളി, മോദകം, വത്സൻ, പന്തീരുനാഴി, പയർ നിവേദ്യം, നെയ് പായസം, ഇടിച്ചുപിഴിഞ്ഞ പായസം, അരവണ എന്നിവയാണത്. വിവിധ നേർച്ചകളുടെ ഭാഗമായി 101, 51 കലങ്ങളിൽ ഭക്തർ പൊങ്കാലയിട്ടു. പൊങ്കാലനിവേദ്യം തയ്യാറാക്കുന്ന സ്ഥലത്തുവച്ചുതന്നെ നിവേദിക്കണമെന്ന വിശ്വാസം പാലിക്കാൻ മിക്ക ഭക്തരും ശ്രദ്ധിച്ചു. ക്ഷേത്രനടയിലെ പണ്ടാരയടുപ്പിൽ നിവേദിച്ചതിന് ശേഷമാണ് മറ്റ് കലങ്ങളിൽ നിവേദിച്ചത്.

പണ്ടാരഅടുപ്പിൽ തീ പകരുന്ന ചടങ്ങിന് മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.രാധാകൃഷ്ണൻ, ജി.ആർ.അനിൽ, ആന്റണി രാജു, എം.പിമാരായ ഡോ.ശശി തരൂർ, കെ.മുരളീധരൻ, എ.എ.റഹീം, മേയർ ആര്യാ രാജേന്ദ്രൻ, വി.കെ.പ്രശാന്ത് എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, മുൻ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ, ഡി.ജി.പി അനിൽകാന്ത്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് തുടങ്ങിയവരും പങ്കെടുത്തു.

ഉത്സവം ഇന്ന് സമാപിക്കും

ഇന്ന് രാവിലെ എട്ടിന് അകത്തെഴുന്നള്ളത്ത്. രാത്രി 9.15ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. പുലർച്ചെ

ഒന്നിന് കുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.