അമിതജോലിഭാരത്തിൽ പേട്ട സ്റ്റേഷനിലെ ഉദ്യോഗസ്ഥർ
തിരുവനന്തപുരം: മതിയായ പൊലീസുകാരില്ലാത്തത് കാരണം ഒരു ദിവസം പോലും അവധിയില്ലാതെ രാപകൽ ഡബിൾ ഡ്യൂട്ടിയെടുത്ത് കഷ്ടപ്പെടുകയാണ് പേട്ട സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. 66 പൊലീസുകാർ ജോലിക്കുവേണ്ട ഇവിടെ 51 പേരാണ് നിലവിലുള്ളത്. 15 വേക്കൻസി ഒഴിഞ്ഞുകിടക്കുകയാണെങ്കിലും ഈ ഒഴിവുകൾ ഇതുവരെ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്‌തിട്ടില്ല.
51 പേരുള്ളതിൽ 44 പേർ മാത്രമേ ജോലിയിലുള്ളൂ. അഞ്ച് എസ്.ഐ വേണ്ട സ്റ്റേഷനിൽ നിലവിൽ കാര്യങ്ങളെല്ലാം നോക്കുന്നത് ഒരു എസ്.ഐ മാത്രം.
പ്രമോഷൻ ലഭിച്ച ഒരു എസ്.ഐയ്ക്ക് സ്ഥലം മാറ്റമായി, ഒരു എസ്.ഐ ആറ് മാസത്തേക്ക് സൈബർ കോഴ്സിനും പോയി. പേട്ട സ്റ്റേഷനിലെ ഒഴിവിലേക്ക് നിയമിച്ച എസ്.ഐയെ ശംഖുംമുഖം എ.സി ഓഫീസിലാണ് നിയോഗിച്ചിരിക്കുന്നത്. പേട്ട സ്റ്റേഷനിൽ പുതിയ എസ്.എച്ച്.ഒ ചാർജെടുത്തിട്ട് ദിവങ്ങളേ ആയിട്ടൂള്ളൂ.
വി.ഐ.പി റൂട്ട്,
കൂടുതൽ ക്രിമിനൽ കേസുകൾ
കൂടുതൽ ക്രിമിനൽ കേസ് റിപ്പോർട്ട് ചെയ്യുന്ന സ്റ്റേഷനുകളിലൊന്നാണ് പേട്ട. ദിവസേന അഞ്ച് ക്രിമിനൽ കേസ് വരെ ഇവിടെ റിപ്പോർട്ട് ചെയ്യാറുണ്ട്. കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് ഉൾപ്പെടെയുള്ളവർ വെട്ടുകേസിൽ പിടിയിലായത് പേട്ട പൊലീസ് സ്റ്റേഷനിലാണ്. മണൽ മാഫിയ,ലഹരിക്കടത്ത്,ക്വട്ടേഷൻ തുടങ്ങി വിവിധ സംഘങ്ങൾ തമ്പടിക്കുന്ന സ്റ്റേഷൻ പരിധിയിലാണ് ഉദ്യോഗസ്ഥരില്ലാതെ കുഴയുന്നത്. ക്രൈം കേസുകളുടെ അന്വേഷണം, മറ്റ് കേസുകൾ,വി.ഐ.പി റൂട്ട് തുടങ്ങിയവ എല്ലാം ചെയ്യുന്നത് ഒറ്റ പ്രിൻസിപ്പൽ എസ്.ഐയാണ്. നൈറ്റ് ഡ്യൂട്ടിക്ക് മൂന്നുപേർ പോകേണ്ടിടത്ത് രണ്ടുപേർ മാത്രമാണുള്ളത്. ഒരു ജീപ്പ് പുഴയിൽ വീണ് കേടായതിനെ തുടർന്ന് വാഹന പരിമിതിയുമുണ്ട്.
പേട്ടയോട് അതൃപ്‌തിയോ
സമീപത്തെ സ്റ്റേഷനുകളായ ഫോർട്ട്, വഞ്ചിയൂർ എന്നിവിടങ്ങളിൽ 10ൽ കൂടുതൽ ഗ്രേഡ് എസ്.ഐയുള്ളപ്പോൾ പേട്ടയിൽ
ഒന്നുമാത്രമാണുള്ളത്. ശിക്ഷിക്കാൻ വേണ്ടി നിയോഗിക്കുന്ന സ്റ്റേഷനാണിതെന്നാണ് സേനയിലെ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |