
യാത്രക്കാരനെ മർദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസ്
കൊച്ചി: ബസിലെ പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ട യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ 37കാരനാണ് മർദ്ദനമേറ്റത്. ഹൈക്കോടതി ജംഗ്ഷനിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
ജോലിസ്ഥലത്തേക്ക് പോകാനായി രാവിലെ 6.30നാണ് യുവാവ് ബസിൽ കയറിയത്. ഈ സമയം ബസിൽ ഉച്ചത്തിൽ പാട്ട് വച്ചിരിക്കുകയായിരുന്നു. ശബ്ദം അല്പം കുറയ്ക്കാമോ എന്ന് കണ്ടക്ടറോട് ചോദിച്ചപ്പോൾ, പറ്റിയില്ലെങ്കിൽ ഇറങ്ങിപ്പോകൂ എന്ന തരത്തിലായിരുന്നു മറുപടിയെന്ന് യുവാവ് പറഞ്ഞു. പിന്നീട് യാത്രയ്ക്കിടെ പലതവണ മനപ്പൂർവ്വം ദേഹത്ത് തള്ളി പ്രകോപിപ്പിക്കുകയും ബസ് ഇറങ്ങുമ്പോൾ കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹൈക്കോടതി ജംഗ്ഷനിൽ ബസ് ഇറങ്ങിയതിന് പിന്നാലെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
മർദ്ദനത്തിൽ യുവാവിന്റെ മുഖത്തും കൈക്കും പരിക്കേറ്റു. കൈപിടിച്ച് തിരിച്ചതായും ലാപ്‌ടോപ്പിന് കേടുപാട് സംഭവിച്ചതായും പരാതിയിലുണ്ട്. സംഭവത്തിൽ പൊലീസ് പ്രാഥമിക വിവരശേഖരണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ജീവനക്കാരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തും. അതേസമയം, ഒത്തുതീർപ്പ് ശ്രമവുമായി ചിലർ സമീപിച്ചെങ്കിലും കേസിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് യുവാവ്. ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ മോട്ടോർവാഹന വകുപ്പിനും പരാതി നൽകാൻ ഒരുങ്ങുകയാണ് യുവാവ്.
പാട്ടുപെട്ടി പാടില്ല
1. മോട്ടോർ വാഹനചട്ടം 289 പ്രകാരം സ്വകാര്യബസുകളിൽ ദൃശ്യശ്രാവ്യ ഉപകരണങ്ങൾ വയ്ക്കാൻ പാടില്ല
2. പല മാനസികാവസ്ഥയിലുള്ള യാത്രക്കാരാണ് സ്വകാര്യബസുകളിൽ കയറുന്നത് എന്നതിനാലാണിത്
3. ടൂറിസ്റ്റ് ബസുകളിൽ മാത്രമേ പാട്ടുപെട്ടിയും മറ്റും ഉപയോഗിക്കാൻ അനുവാദമുള്ളൂ
4. ഇവിടെയും ഉയർന്ന ശബ്ദത്തിൽ പാട്ടുവെച്ചാൽ നടപടിയുണ്ടാകും
5. സ്വകാര്യ ബസുകളിൽ പരസ്യം ചെയ്യാൻ 50 ഡെസിബലിൽ താഴെവരുന്ന ശ്രവ്യ ഉപകരണം ഉപയോഗിക്കാൻ അനുമതിയുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |