വിതുര: വിതുര,പാലോട് മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാകുന്നു. പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ കല്ലാർ ഗവ.എൽ.പി.എസും അങ്കണവാടിയും പ്രവർത്തിക്കുന്ന കെട്ടിടവളപ്പിൽ കഴിഞ്ഞദിവസം രാവിലെ 4 മണിയോടെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്. ജില്ലയിലെ പ്രമുഖ ഇക്കോടൂറിസം കേന്ദ്രമായ മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടത്തിലാണ് സ്കൂളും അങ്കണവാടിയും സ്ഥിതി ചെയ്യുന്നത്. സ്കൂളിനു സമീപത്തെ തമ്പുരാൻകാവിൽ ആനക്കൂട്ടം തമ്പടിച്ചിരിക്കുകയാണെന്ന് ആദിവാസികൾ പറയുന്നു. വിദ്യാർത്ഥികളുടെ സുരക്ഷയോർത്ത് രക്ഷകർത്താക്കൾ ഭീതിയിലാണ്. വിനോദസഞ്ചാരികളും ആശങ്കയിലാണ്. കഴിഞ്ഞദിവസം തേവിയോട് കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരം വരെ ആനക്കൂട്ടമെത്തിയിരുന്നു.
ആക്രമണം പതിവാകുന്നു
കൃഷിവിളകളെല്ലാം ആനകൾ നശിപ്പിച്ചു. വേങ്കൊല്ല ശാസ്താംനടയിൽ ബാബുവിനെ കാട്ടാന മരത്തിൽ ചുഴറ്റിയടിച്ച് കൊലപ്പെടുത്തിയത് ഒരാഴ്ച മുമ്പാണ്. തലത്തുതക്കാവ് ട്രൈബൽ എൽ.പി.എസിനു സമീപം ആറ്റിൽ മീൻ പിടിക്കുന്നതിനിടെ ആറ്റുമൺപുറം സ്വദേശി ദാമോദരൻ കാണിയെ (40) ചുഴറ്റിയെറിഞ്ഞതും ഈയിടെയാണ്. ഇയാൾ ചികിത്സയിലാണ്. ഇതിനു മുമ്പ്, പൊടിയക്കാലയിൽ രണ്ടും ആറാക്കുഴിക്കര ചാമക്കരയിൽ ഒന്നും ആദിവാസികൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മാങ്കാല, മണലി,വയലിപ്പുല്ല്, ചെമ്പിക്കുന്ന് നിവാസികളും ഭീതിയിലാണ്.
കാട്ടുപോത്തും കരടിയും
കാലങ്കാവിൽ ബൈക്ക് യാത്രയ്ക്കിടെ രണ്ടു യുവാക്കൾക്കു നേരെ കാട്ടുപോത്തിന്റെയും മണലിയിൽ ടാപ്പിംഗ് തൊഴിലാളിക്കു നേരെ കരടിയുടെയും ആക്രമണമുണ്ടായി.
മാങ്കോട് രാധാകൃഷ്ണൻ സ്ഥലം സന്ദർശിച്ചു
കല്ലാർ ഗവ.എൽ.പി സ്കൂളിന്റെയും അങ്കണവാടിയുടെയും ചുറ്റുമതിൽ കാട്ടാന തകർത്തതറിഞ്ഞ് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ സ്ഥലം സന്ദർശിച്ച് പരുത്തിപ്പള്ളി വനംറേഞ്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
വന്യജീവി -മനുഷ്യസംഘർഷം തടയാൻ ആവിഷ്കരിച്ച ജാഗ്രതാസമിതികളുടെ പ്രവർത്തനം നിലച്ചത് ദൗർഭാഗ്യകരമാണെന്നും വനം മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ,രാഷ്ട്രീയ പ്രതിനിധികൾ,ആദിവാസി ഊരുമൂപ്പന്മാർ,കർഷകർ എന്നിവരുടെ അടിയന്തരയോഗം വിളിച്ചുചേർത്ത് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ ജി.ആനന്ദ്, കല്ലാർവാർഡ് മെമ്പർ സുനിത.ഐ.എസ്,കല്ലാർ രവീന്ദ്രൻപിള്ള,സുപ്രഭൻ നായർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |