തിരുവനന്തപുരം: പേരൂർക്കടയിലെ അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂർ ചരുവിള കോണത്ത് സ്വദേശിയുമായ വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ അന്തിമവാദം പൂർത്തിയായി. 10ന് വിധി പറയും. ഏഴാം അഡിഷണൽ സെഷൻസ് ജഡ്ജി പ്രസൂൺ മോഹനാണ് കേസ് പരിഗണിക്കുന്നത്.
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ,സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിച്ച് പ്രോസിക്യൂഷൻ 96 സാക്ഷികളെ വിസ്തരിച്ചു.സി.സി ടിവി ദൃശ്യങ്ങൾ അടങ്ങിയ 12 പെൻഡ്രൈവ്,ഏഴ് ഡി.വി.ഡി എന്നിവയും 222 രേഖകളും ഹാജരാക്കി.
2022 ഫെബ്രുവരി 6ന് രാവിലെ 11.50നാണ് വിനീത കൊലപ്പെട്ടത്. തമിഴ്നാട് കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രനാണ് കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തിൽ കിടന്ന നാലരപവൻ തൂക്കമുള്ള സ്വർണമാല കവരുന്നതിനായിരുന്നു കൊലപാതകം.
തമിഴ്നാട്ടിലെ ഫോറൻസിക് വിദഗ്ദ്ധരെയും പൊലീസ് ഉദ്യോഗസ്ഥരെയും സാക്ഷികളായി കോടതിയിൽ വിസ്തരിച്ചിരുന്നു.പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ,ദേവിക മധു,ജെ.ഫസ്ന, ഒ.എസ്.ചിത്ര എന്നിവർ ഹാജരായി. തമിഴ്നാട് സ്വദേശിയായ പ്രതിക്ക് വിചാരണ നടപടികൾ മനസിലാക്കാൻ ദ്വിഭാഷിയേയും കോടതി നിയമിച്ചിരുന്നു. ആർ.സന്തോഷ് മഹാദേവനായിരുന്നു പ്രതിഭാഗം അഭിഭാഷകൻ.
തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായിരുന്ന സ്പർജൻ കുമാറിന്റെ മേൽനോട്ടത്തിൽ കന്റോൺമെന്റ് എ.സിയായിരുന്ന വി.എസ്.ദിനരാജ്, പേരൂർക്കട സി.ഐ വി.സജികുമാർ,എസ്.എച്ച്.ഒയുടെ ചുമതലയുണ്ടായിരുന്ന ജുവനപുടി മഹേഷ്,സബ് ഇൻസ്‌പെക്ടർ എസ്.ജയകുമാർ,സീനിയർ സിവിൽ പൊലീസുകാരായ ആർ.പ്രമോദ്,നൗഫൽ റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |