വിഴിഞ്ഞം: പരീക്ഷാച്ചൂട് കുറഞ്ഞു, ഇനി അല്പം കൂളാകാൻ ഇടം തിരക്കി നടക്കുന്നവരാണ് മിക്ക മാതാപിതാക്കളും. അതും ഒറ്റദിവസം കൊണ്ട്. കുറഞ്ഞ ചെലവിൽ കുട്ടികൾക്ക് ആനന്ദിക്കാനുള്ള വകുപ്പ് വിഴിഞ്ഞത്തുണ്ട്. ചിത്രാഞ്ജലി സ്റ്റ്യുഡിയോ, ആഴിമല, വിഴിഞ്ഞം തുറമുഖം, മറൈൻ അക്വാറിയം,വെള്ളാർ ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്, കോവളം തീരം, അങ്ങനെ നീളുന്നു. വേണമെങ്കിൽ പൂവാർ തീരത്തേക്ക് പോയാൽ ബോട്ടിംഗും നടത്താം. കാഴ്ചകൾ കണ്ടുകഴിഞ്ഞാൽ കോവളം ഹാർബർ റോഡിലൂടെ മുഹിയുദ്ദീൻ പള്ളിക്കു സമീപമെത്തിയാൽ കടൽ വിഭവങ്ങളുടെ രുചിയും അറിയാം.
ചിത്രാഞ്ജലിസ്റ്റുഡിയോ
പാച്ചല്ലൂരിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തിയാൽ ചെമ്മീൻ സിനിമ ഉൾപ്പെടെ ചിത്രീകരിച്ച പഴയകാല ക്യാമറകൾ, സിനിമാ ചരിത്രങ്ങൾ എന്നിവ മനസിലാക്കാം.
ആകർഷണീയം ആഴിമല
ആഴിമലശിവ ക്ഷേത്രത്തോടു ചേർന്ന കൂറ്റൻ പാറയുടെ മുകളിൽ നിർമ്മിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഗംഗധരേശ്വര ശില്പം കാണാം. പാറക്കെട്ടുകൾ ഇറങ്ങിയാൽ തീരത്തെത്താം. പക്ഷേ ഇവിടുത്തെ കടലിനെ അല്പം സൂക്ഷിക്കണം.
തുറമുഖം
വിഴിഞ്ഞം തുറമുഖത്തെത്തിയാൽ ചരക്ക് നീക്കത്തിനെത്തിയ കൂറ്റൻ കപ്പലുകളെയും കടലിന് അഭിമുഖമായി നിൽക്കുന്ന കുറ്റൻ ക്രിസ്തു രൂപവും കേന്ദ്ര പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലുള്ള ഗുഹാക്ഷേത്രവും കാണാം.
മറൈൻ അക്വാറിയം
കടലിന്റെ അടിത്തട്ടിൽ നീന്തിത്തുടിക്കുന്ന അപൂർവ വർണമത്സ്യങ്ങൾ ഇവിടെയുണ്ട്. എല്ലാദിവസവും രാവിലെ 9 മുതൽ 5 വരെയാണ് പ്രവേശനം.
വെള്ളാർ ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്
28 കരകൗശല സ്റ്റാളുകൾ ഉണ്ടിവിടെ. കരകൗശല വസ്തുക്കളുടെ നിർമ്മാണം നേരിൽ കാണാം. കരകൗശല വസ്തുക്കളുടെ വില്പനയും ഇവിടെയുണ്ട്. കൂടാതെ ആർട്ട് ഗാലറിയുമുണ്ട്. കുട്ടികൾക്കായി ചെറിയ ആക്ടിവിറ്റി പാർക്കും,ഫുഡ് കോർട്ടും കൃത്രിമ വെള്ളച്ചാട്ടവും മനോഹരമായ പൂന്തോട്ടങ്ങളുമുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകിട്ട് 7 വരെയും ശനി, ഞായർ ദിവസങ്ങൾ 8വരെയുമാണ് പ്രവർത്തനം.
ഒടുവിൽ കോവളം
കോവളത്തെത്തിയാൽ കടൽ ശാന്തമാണെങ്കിൽ കുളിക്കാം. സൂര്യാസ്തമയവും കാണാം. ലൈറ്റ് ഹൗസിലെത്തിയാൽ കോവളത്തിന്റെയും വിഴിഞ്ഞത്തിന്റെയും വിശാല കാഴ്ച കാണാം. തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും വൈകിട്ട് 5 വരെ പ്രവേശനമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |