□26 പേർക്ക് പരിക്ക്
കൊച്ചി: എറണാകുളം ജില്ലാ കോടതി വളപ്പിൽ അഭിഭാഷകരും മഹാരാജാസ് കോളേജ് വിദ്യാർത്ഥികളും ചേരിതിരിഞ്ഞ് ഏറ്രുമുട്ടി. എസ്.എഫ്.ഐ ഭാരവാഹിയടക്കം 15 വിദ്യാർത്ഥികൾക്കും ഒമ്പത് അഭിഭാഷകർക്കും രണ്ട് പൊലീസുകാരുമുൾപ്പെടെ 26 പേർക്ക് പരിക്കേറ്റു. തലയ്ക്കും തോളെല്ലിനും മറ്റും പരിക്കേറ്റ ഇവർ ജനറൽ ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
അഭിഭാഷകരായ എം.എ. രജീഷ് (38), ദിൽജിത്ത് (30), എമിൽ ജോൺസൺ (25), ജിനു (25), മിഥുൻ (25), വിദ്യാർത്ഥികളായ ആദിൽ (20), റിസ്വാൻ (20), അശ്വിൻ (20), റെമീസ് (20), അതുൽ (21), രാംരാജ് (20), നവീന (19), സെൻട്രൽ എ.സി.പിയുടെ ഡ്രൈവർ എ.എസ്.ഐ നൗഷാദ് (45), കൺട്രോൾ റൂം എ.എസ്.ഐ ജോസഫ് ഗോമർ (45) തുടങ്ങിയവർക്കാണ് പരിക്കേറ്റത്.
തലയ്ക്ക് പരിക്കേറ്റ രജീഷ് തീവ്രപരിചരണ വിഭാഗത്തിലാണ്. രജീഷ് ഒഴികെയുള്ളവർ രാത്രിയോടെ ആശുപത്രി വിട്ടു.
ബാർ അസോസിയേഷൻ വാർഷികാഘോഷത്തിനിടെ വ്യാഴാഴ്ച അർദ്ധ രാത്രിയോടെയായിരുന്നു സംഘർഷം. കൂട്ടത്തല്ലൊഴിവാക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്കും അടിയേറ്റു. അഭിഭാഷകരുടെ പരാതിയിൽ കണ്ടാലറിയാവുന്ന പത്ത് വിദ്യാർത്ഥികളെ പ്രതി ചേർത്തും പൊലീസുകാരുടെ പരാതിയിൽ കണ്ടാലറിയാവുന്ന പത്തു പേർക്കെതിരെയും വിദ്യാർത്ഥികളുടെ പരാതിയിൽ പത്ത് അഭിഭാഷർക്കെതിരെയും സെൻട്രൽ പൊലീസ് കേസെടുത്തു. അഭിഭാഷകരും അവരുടെ കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത സ്വകാര്യ പരിപാടിയിൽ ഭക്ഷണം കഴിക്കാൻ തൊട്ടടുത്തുള്ള മഹാരാജാസ് കോളേജിൽനിന്ന് വിദ്യാർത്ഥികൾ എത്തിയതാണ് കൂട്ടത്തല്ലിലേക്ക് വഴിവച്ചതെന്ന് പൊലീസ് പറയുന്നു.ആക്രമണം അഴിച്ചുവിട്ട വിദ്യാർത്ഥികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് ഇന്നലെ ഉച്ചയോടെ പ്രതിഷേധ മാർച്ച് നടത്തി.
അഭിഭാഷകർ
പറയുന്നത്
കുടുംബസംഗമംപോലെ ഭക്ഷണമെല്ലാം ഒരുക്കിയാണ് ബാർ അസോസിയേഷൻ വാർഷികയോഗം. എല്ലാവർഷവും മഹാരാജാസിൽ നിന്ന് ഭക്ഷണംകഴിക്കാനായി വിദ്യാർത്ഥികളെത്തും. ഇവരെ ഓടിച്ചുവിട്ടിട്ടില്ല. എന്നാൽ ഡി.ജെക്കിടെ വനിതാ അഭിഭാഷകർക്ക് മോശം അനുഭവം ഉണ്ടായതോടെ വിദ്യാർത്ഥികളെ കോമ്പൗണ്ടിൽ നിന്ന് പുറത്താക്കി. പിന്നാലെ വടിയും മറ്റുമായി ഇരുപതിലധികം പേർ സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് ആന്റോ തോമസ് പറഞ്ഞു.
വിദ്യാർത്ഥികൾ
പറയുന്നത്
മഹാരാജാസ് കോളേജിൽ ഷീഫെസ്റ്റിവലിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് സ്റ്റേജ് ഒരുക്കലിനും മറ്റുമായി വിദ്യാർത്ഥിനികൾ ക്യാമ്പസിലുണ്ടായിരുന്നു. ഇവർ ഹോസ്റ്റലുകളിലേക്ക് പോകുമ്പോൾ ഒരുകൂട്ടം അഭിഭാഷകർ ഇവർക്കിടയിലേക്ക് ഇടിച്ചുകയറി അസഭ്യംപറഞ്ഞ് തോളിൽ കൈയിട്ടു. സിഗരറ്റ് പുക വിദ്യാർത്ഥിനികളുടെ മുഖത്തേക്ക് ഊതി. ബെൽറ്റും സൈൻബോർഡുകളും കൊണ്ട് അടിച്ചെന്നും കോളേജ് യൂണിയൻ ചെയർമാൻ അഭിനന്ദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |