കിളിമാനൂർ: വേനൽമഴ ശക്തിപ്പെട്ടിട്ടും പഞ്ചായത്തുകളിൽ മഴക്കാല പൂർവ ശുചീകരണം എങ്ങുമെത്തിയിട്ടില്ല. മഴക്കാലത്തിനുമുമ്പേ രോഗങ്ങൾ മുന്നിൽക്കണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. എന്നാൽ ഇതൊന്നും പല പഞ്ചായത്തുകളിലും നടന്നിട്ടില്ല.
പകർച്ചവ്യാധികൾ അടക്കമുള്ള രോഗങ്ങൾ കൂടുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളുടെ അവലോകവും നടന്നിട്ടില്ല. പഞ്ചായത്തുകളുടെ പലയിടങ്ങളിലും മാലിന്യ നിക്ഷേപങ്ങളും മലിനജലം കെട്ടിക്കിടക്കുന്നതും കാണാം. മാലിന്യങ്ങൾ നീക്കം ചെയ്ത ഇടങ്ങളിൽ തന്നെ വീണ്ടും മാലിന്യം തള്ളുന്ന സ്ഥിതിയാണ്. മഞ്ഞപ്പിത്തം,ഡെങ്കിപ്പനി തുടങ്ങിയവയുടെ ഭീഷണിയും നിലനിൽക്കുന്നുണ്ട്. ഇതിനെയെല്ലാം പ്രതിരോധിക്കണമെങ്കിൽ കാര്യക്ഷമമായി മഴക്കാല പൂർവ ശുചീകരണം നടത്തുകയും രോഗങ്ങളെപ്പറ്റി ശ്രദ്ധയുണ്ടാവുകയും വേണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
പ്രഹസനമായി ശുചീകരണം
പലയിടത്തും ശുചീകരണം പ്രഹസനമാകുന്നു എന്നും ആക്ഷേപമുയരുന്നുണ്ട്. ചെറുതോടുകളിലും പുഴകളിലും കോഴി വേസ്റ്റ്, കക്കൂസ് മാലിന്യം എന്നിവ നിക്ഷേപിക്കുന്നതും വ്യാപകമാണ്. ഓടകൾ മണ്ണും മാലിന്യവുംകൊണ്ട് നിറഞ്ഞു. മഴക്കാലത്തിനു മുന്നേ റോഡരികിലെ ഓടകളെല്ലാം വൃത്തിയാക്കിയില്ലെങ്കിൽ പല സ്ഥലങ്ങളും വെള്ളക്കെട്ടിലാകും.
പകർച്ചവ്യാധി ഭീഷണിയും
മഴക്കാലം മുന്നിൽക്കണ്ട് മലിനജലം ഒഴിവാക്കാനോ ഓടകൾ വൃത്തിയാക്കാനോ ഉള്ള പ്രവർത്തനങ്ങൾ ഒന്നും ആരംഭിച്ചിട്ടില്ല. മിക്ക ഓടകളും മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയും കൊതുക് ഉൾപ്പെടെ പെരുകുന്നതിനുള്ള സാഹചര്യവുമുണ്ട്. ഇത് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നു.
ഹരിതകർമ്മസേനയുടെ വാതിൽപ്പടി ശേഖരണം നൂറു ശതമാനം വിജയമാണെന്നതാണ് കുറച്ചെങ്കിലും ആശ്വാസം. എന്നാൽ പല പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങൾക്ക് സമീപവും മാലിന്യം നീക്കാതെ കിടക്കുന്നതു കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |