വെമ്പായം: ജില്ലയിലെ ഗ്രാമീണ ടൂറിസം മേഖലയിൽപ്പെട്ട വെമ്പായം തമ്പുരാൻ, തമ്പുരാട്ടിപ്പാറ ടൂറിസം പദ്ധതിക്ക് പുതുജീവൻ വയ്ക്കുന്നു. മാണിക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടത്തിയതോടെയാണ് ഇടവേളയ്ക്കു ശേഷം വീണ്ടും വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങിയത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള സൗകര്യം,വൈദ്യുതി,സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചു. ഒരുകാലത്ത് നിരവധി സഞ്ചാരികളെത്തിയിരുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും സാമൂഹ്യവിരുദ്ധരുടെ ശല്യവും കാരണം ആരും വരാത്ത അവസ്ഥയാണ്. ഇത് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത നൽകിയിരുന്നു. തുടർന്ന് പഞ്ചായത്ത് ഇടപെട്ട് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു. റവന്യൂവകുപ്പിന്റെ കീഴിലാണ് തമ്പുരാൻ തമ്പുരാട്ടിപ്പാറ ഉൾപ്പെടെയുള്ള പ്രദേശം വരുന്നത്. അതുകൊണ്ടുതന്നെ വിശാലമായ വികസന പ്രവർത്തനത്തിന് പഞ്ചായത്തിന് പരിമിതിയുമുണ്ട്.
തമ്പുരാൻപാറ ട്രക്കിംഗ് സെന്റർ
അല്പം ട്രക്കിംഗും നടത്തവും ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി തമ്പുരാൻ പാറയിലേക്ക് പോകാം. ചെങ്കുത്തായ കുന്ന് കടന്ന്, 200 ഓളം പടികൾ കയറിച്ചെല്ലുമ്പോൾ കാഴ്ചയുടെ സ്വർഗം സഞ്ചാരികളെ കാത്തിരിക്കുന്നു. തിരുമുറ്റംപാറ മുത്തിപ്പാറ എന്നീ അംഗരക്ഷകന്മാരെയും തമ്പുരാട്ടിപ്പാറയും കടന്നുവേണം തമ്പുരാൻ പാറയിലെത്താൻ. പാറയുടെ മുകളിലായി ശിവക്ഷേത്രവും അതിനു മുകളിലായി ഇരുപതടിയോളം ഉയരമുള്ള ഗണപതി വിഗ്രഹവും സ്ഥിതിചെയ്യുന്നു.
സാഹസിക വിനോദത്തിനും ഉത്തമം
പാറയ്ക്ക് മുകളിൽ എത്തിയാൽ മഞ്ഞും കാറ്റും നിറഞ്ഞ അന്തരീക്ഷമാണ്. ഇവിടെ നോക്കിയാൽ തിരുവനന്തപുരം,കഴക്കൂട്ടം നഗരങ്ങളും കടലും കാണാം. സമുദ്രനിരപ്പിൽ നിന്നു ഏകദേശം 700 മീറ്ററോളം ഉയരത്തിൽ 15ഓളം വിസ്തൃതിയിലാണ് പാറകൾ സ്ഥിതിചെയ്യുന്നത്. പാറയ്ക്ക് മുകളിൽ കൊടുംവേനലിലും വറ്റാത്ത നീരുറവയാണ് ഇവിടുത്തെ മറ്റൊരു സവിശേഷത.സാഹസിക വിനോദത്തിന് അനുയോജ്യമായ ഇവിടേക്ക് എൻ.സി.സിയുടെ ഭാഗമായി പല സ്കൂൾ,കോളേജുകളിൽ നിന്നും വിദ്യാർത്ഥികളെത്താറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |