സംഭവം സമയത്തുണ്ടായിരുന്നത് 7 പേർ
തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് 13 പവന്റെ സ്വർണദണ്ഡ് കാണാതായ സംഭവത്തിൽ സ്ട്രോംഗ് റൂം പരിസത്തെ മാത്രമല്ല, മുഴുവൻ സി.സി ടിവി ക്യാമറകളും പരിശോധിക്കാൻ പൊലീസ് നീക്കം. നിലവിൽ ജീവനക്കാരിൽ ഒരാളെ സംശയമുണ്ടെങ്കിലും, ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിൽ തുടർനടപടികളിലേക്ക് കടക്കാൻ പൊലീസിനായിട്ടില്ല. ഇതിനാൽ തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് സി.സി ടിവികൾ പരിശോധിക്കുന്നത്.
ഇതുവരെ 52 പേരെ പൊലീസ് ചോദ്യം ചെയ്തു. ക്ഷേത്ര സെക്യൂരിറ്റി ജീവനക്കാർ,ടെമ്പിൾ പൊലീസ്,ക്ഷേത്രത്തിലെ സ്റ്റാഫ് എന്നിവരെയാണ് ചോദ്യം ചെയ്തത്. സംഭവം നടക്കുമ്പോൾ ശ്രീകോവിൽ ഭാഗത്ത് സ്വർണം പൊതിയുന്ന ജോലി ചെയ്തിരുന്നവരും ക്ഷേത്രം സ്റ്റാഫും ഉൾപ്പെടെ ഏഴ് പേരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.
എന്നാൽ ഇവരുടെ പങ്ക് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. സംഭവം നടന്ന ഭാഗങ്ങളിൽ സി.സിടിവി ക്യാമറ പ്രവർത്തനരഹിതമായിരുന്നു.അതിനാൽ മറ്റ് ഭാഗങ്ങളിലെ ക്യാമറകളിൽ സംശയകരമായി എന്തെങ്കിലും പതിഞ്ഞിട്ടുണ്ടോ എന്നും പൊലീസ് രപരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ച കാണാതായ ദണ്ഡ് പിറ്റേന്ന് വൈകിട്ട് കണ്ടെത്തിയെങ്കിലും ക്ഷേത്രമുറ്റത്തെ മണൽപ്പരപ്പിൽ ഇത് എങ്ങനെയെത്തി എന്നതിൽ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. മണൽപ്പരപ്പിൽ വീണാതാകാമെന്ന് ആദ്യം പറഞ്ഞയാളും സംശയ നിഴലിലാണ്. സംഭവത്തിൽ അന്വേഷണം നടക്കുമ്പോൾത്തന്നെ നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമായത് ഉൾപ്പെടെയുള്ള സുരക്ഷാവീഴ്ചകൾ സംബന്ധിച്ച് അധികൃതർക്കെതിരെ വിമർശനവും ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |