നെടുമങ്ങാട്: മോഷണക്കുറ്റം ആരോപിച്ച് വീട്ടുജോലിക്കാരിയെ വിവസ്ത്രയാക്കി പരിശോധന നടത്തിയ സംഭവത്തിൽ പേരൂർക്കട പൊലീസിനെതിരെ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കന്റോൺമെന്റ് അസി.കമ്മീഷണർക്ക് ഡി.ജി.പിയുടെ നിർദ്ദേശം. സംഭവത്തിൽ നെടുമങ്ങാട് ആട്ടുകാൽ തോട്ടരികത്ത് വീട്ടിൽ ബിന്ദു, ഡി.ജി.പിക്കും പട്ടികജാതി കമ്മിഷനും നൽകിയ പരാതിയിലാണ് നടപടി. കുടപ്പനക്കുന്ന് ഭഗവതി നഗറിൽ ഓമന ഡാനിയലും മകൾ നിഷയുമാണ് രണ്ടര പവൻ സ്വർണം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ബിന്ദുവിനെതിരെ പൊലീസിനെ സമീപിച്ചത്. തുടർന്ന് കഴിഞ്ഞ 23ന് വൈകിട്ട് കസ്റ്റഡിയിലെടുത്ത തന്നെ രാത്രിയും അടുത്ത പകലും ദാഹജലം നൽകാതെ സെല്ലിലിട്ടെന്ന് പരാതിയിൽ പറയുന്നു.
വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ള പൊലീസുകാർ അസഭ്യം പറഞ്ഞ് മർദ്ദിക്കുകയും വിവസ്ത്രയാക്കി പരിശോധിക്കുകയും ചെയ്തു. ഭർത്താവിനെയും പെൺമക്കളെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. രാത്രി മുഴുവനും വെള്ളമോ ഭക്ഷണമോ നൽകാൻ തയാറായില്ല. പരാതിക്കാരിയുടെ വീട്ടിലും തന്റെ വീട്ടിലും കൊണ്ടുപോയി പരിശോധന നടത്തിയെങ്കിലും സ്വർണം കണ്ടെത്താനായില്ല. പിറ്റേദിവസം രാവിലെ 8.30ഓടെ പരാതിക്കാരികൾ സ്റ്റേഷനിലെത്തി വീട്ടിൽ നിന്ന് സ്വർണം കിട്ടിയെന്ന വിവരം അറിയിച്ചതോടെയാണ് തന്നെ പൊലീസ് വിട്ടയച്ചതെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി. സംഭവത്തിൽ പേരൂർക്കട പൊലീസിനെതിരേ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയ പട്ടികജാതി ക്ഷേമസമിതി, കുറ്റക്കാർക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |