തിരുവനന്തപുരം: കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ (33) മരണകാരണം കഴുത്ത് മുറുകിയെന്ന് പ്രാഥമിക റിപ്പോർട്ട്.
ഷാർജയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ഒമ്പതിനാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന റീപോസ്റ്റ്‌മോർട്ടത്തിലാണ് കഴുത്തിലെ ഞരമ്പുകൾക്ക് ക്ഷതം സംഭവിച്ചതായി കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുമ്പോഴോ കുരുക്കിട്ട് കൊലപ്പെടുത്തിയാലോ ഇങ്ങനെ സംഭവിക്കാം. വിപഞ്ചികയുടെ ശരീരത്തിൽ മർദ്ദനത്തിന്റേതെന്ന് സംശയിക്കുന്ന ചില പാടുകളുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അതിനിടെ, ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്യുകയാണെന്ന് വിപഞ്ചിക ഫേസ്ബുക്കിലിട്ട കുറിപ്പും വീട്ടുകാർക്ക് അയച്ച ചിത്രവുമെല്ലാം ആത്മഹത്യ ഉറപ്പിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈ.എസ്.പി മുകേഷ് ജി.ബി പറഞ്ഞു.
എംബാം ചെയ്ത മൃതദേഹം ഇന്നലെ രാവിലെ 11ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. ഷാർജയിലായിരുന്ന അമ്മ ഷൈലജയും സഹോദരൻ വിനോദും മറ്റു ബന്ധുക്കളും നാട്ടിലെത്തി. വൈകിട്ട് 3.30ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം
ബന്ധുക്കൾക്ക് കൈമാറി. പിന്നീട് കൊല്ലത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ മെഡിക്കൽ കോളേജിലെത്തി വിപഞ്ചികയുടെ ബന്ധുക്കളെ കണ്ടു. കഴിഞ്ഞ 9നാണ് ഷാർജ അൽ നഹ്ദയിലെ ഫ്ളാറ്റിൽ വിപഞ്ചിക, ഒന്നര വയസുള്ള മകൾ വൈഭവി എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈഭവിയുടെ മൃതദേഹം 17ന് ദുബായിൽ സംസ്‌കരിച്ചു.
വിപഞ്ചികയും ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നു. നിതീഷ് ഒരവസരം കൂടി ആവശ്യപ്പെട്ടപ്പോൾ വിപഞ്ചിക കൂടെപോയതാണ്. പ്രതിയെ നാട്ടിലെത്തിച്ച് നിയമനടപടിക്ക് വിധേനാക്കണം. മാനസിക പീഡനമാണെങ്കിലും ആത്മഹത്യ ചെയ്തതിനാൽ ഷാർജയിൽ നിയമസാധുതയില്ല. പ്രതിയെ നാട്ടിലെത്തിക്കാൻ സർക്കാരും കോൺസുലേറ്റും ഇടപെടണം.
-വിനോദ്
വിപഞ്ചികയുടെ സഹോദരൻ
കുടുംബം ഉയർത്തുന്ന ആരോപണങ്ങളിൽ വസ്തുനിഷ്ഠമായ അന്വേഷണം നടക്കണം. വിപഞ്ചികയുടെ അഭിഭാഷകന്റെ ആവശ്യപ്രകാരം യു.എ.ഇയിലെ ഇന്ത്യൻ കോൺസുൽ ജനറലുമായി സംസാരിച്ച് മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ഇടപെടൽ നടത്തിയിരുന്നു.
-വി.മുരളീധരൻ
മുൻ കേന്ദ്രമന്ത്രി
അന്വേഷണം പുരോഗമിക്കുകയാണ്.പ്രതിയെ നാട്ടിലെത്തിക്കാൻ ലുക്ക്ഔട്ട് നോട്ടീസും റെഡ്‌കോർണറും പുറപ്പെടുവിക്കും.
-ജി.ബി.മുകേഷ്
ശാസ്താംകോട്ട ഡിവൈ.എസ്.പി
കണ്ണീരോടെ
വിട പറഞ്ഞ് നാട്
കൊല്ലം: വിപഞ്ചികയുടെ മൃതദേഹം കൊണ്ടുവന്നപ്പോൾ നാടൊന്നടങ്കം വിങ്ങിപ്പൊട്ടി. ഇന്നലെ വൈകിട്ട് 5 ഓടെ മൃതദേഹം അമ്മ ഷൈലജയുടെ സഹോദരന്റെ വീടായ കേരളപുരം പൂട്ടാണിമുക്ക് സൗപർണികയിൽ എത്തിച്ചു. അലമുറയിട്ട് കരയുന്ന ഷൈലജയെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ 7 ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ജൂലായ് 9നാണ് വിപഞ്ചികയെയും (33) മകൾ ഒന്നര വയസുകാരി വൈഭവിയെയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |