തിരുവനന്തപുരം: കേരള പൊലീസിന്റെ അശ്വാരൂഢ സേനയ്ക്ക് ഇന്ത്യൻ സൈന്യത്തിന്റെ കുതിര ശക്തി.ഇന്ത്യൻ സൈന്യത്തിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ മൂന്ന് കുതിരകൾ അടുത്തയാഴ്ച തലസ്ഥാനത്തെത്തും.
ഉത്തർപ്രദേശിലെ സഹാറൻപുരിലുള്ള റീമൗണ്ട് ഡിപ്പോ ആൻഡ് ട്രെയിനിംഗ് സ്‌കൂളിൽ പരിശീലനം നേടിയ കുതിരകളെയാണ് എത്തിക്കുന്നത്.ആദ്യമായാണ് ഇന്ത്യൻ സൈന്യത്തിൽ നിന്ന് കേരള അശ്വാരൂഢ സേനയ്ക്ക് കുതിരകളെ ലഭിക്കുന്നത്.
രാഷ്ട്രപതി,സൈനിക മേധാവി ഉൾപ്പെടെയുള്ളവരുടെ അനുമതിയോടെയാണ് കുതിരകൾ ലഭിച്ചത്. ഒന്നര വർഷത്തോളമുള്ള പരിശ്രമമാണ് ഇതിനു പിന്നിൽ.
സൈന്യത്തിൽ നിന്ന് എട്ട് കുതിരകളെ വാങ്ങാനായി പൊലീസ് 54 ലക്ഷം രൂപ അനുവദിച്ചിരുന്നു.ഉയർന്ന ഡിമാൻഡ് കാരണം മൂന്ന് മുതൽ നാല് വയസ് വരെ പ്രായമുള്ള മൂന്ന് കുതിരകളെ മാത്രമാണ് ലഭിച്ചത്.
അതിശക്തർ, ഓട്ട വീരന്മാർ
തോറോ ബ്രീഡ് ഇനത്തിൽപ്പെട്ട മൂന്ന് കുതിരകളാണ് തലസ്ഥാനത്തെത്തിക്കുന്നത്.കുതിരയോട്ട മത്സരങ്ങളിലെ പ്രധാനിയാണ്.ഒതുങ്ങിയ ശരീരവും വീതിയേറിയ നെഞ്ചും പ്രത്യേകതകളാണ്. ഒരെണ്ണത്തിന് 16 ഹാൻസ് ഉയരവും 450 കിലോയോളം ഭാരവും ഉണ്ടായിരിക്കും. വേഗതയ്ക്കും കരുത്തിനും പേരുകേട്ടവയാണ്.തവിട്ട്, കറുപ്പ് നിറങ്ങളിലുള്ള ഇവ കോൾഡ് ബ്ലഡ് വിഭാഗത്തിൽപ്പെടുന്നു.പുറത്ത് നിന്ന് വാങ്ങുന്ന കുതിരകളിൽ സ്റ്റിറോയിഡ് പോലുള്ള മരുന്നുകൾ കുത്തിവയ്ക്കും.ഈ കുതിരകൾ കുറച്ചുകാലം കഴിയുമ്പോൾ അസുഖ ബാധിതരാകും.എന്നാൽ സൈന്യത്തിൽ അതില്ല.അതുകൊണ്ടാണ് സൈന്യത്തിലെ കുതിരകൾക്ക് ഡിമാൻഡ് കൂടുതൽ.
വില - 6 മുതൽ 7 ലക്ഷം വരെ
കുതിര സേന
പണ്ടുകാലത്തെ പാരമ്പര്യത്തിന്റെ തുടർച്ചയാണ് പൊലീസിലെ കുതിരപ്പട.രാത്രി പട്രോളിംഗ്, പരേഡുകൾ,പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് തുടങ്ങിയ ചടങ്ങുകൾക്കാണ് ഇവ ഉപയോഗിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലാണ് അശ്വാരൂഢ സേന റിസർവ് ഇൻസ്പെക്ടർ,റിസർവ് എസ്.ഐ,8 ഹെഡ് കോൺസ്റ്റബിൾ,27 സിവിൽ പൊലീസ് ഓഫീസർ അടങ്ങുന്നതാണ് സേന.
പട്രോളിംഗ് ശക്തി കൂടും
കൂടുതൽ പട്രോളിംഗിൽ ശ്രദ്ധ ചെലുത്താനാണ് ഇവയെ എത്തിക്കുന്നത്.പൊലീസ് ജീപ്പ്,ബൈക്ക് എത്താത്തയിടങ്ങളിൽ ഈ സേന എത്തും. രാവിലെ 6 - 8,വൈകിട്ട് 5.30 - 7.30,രാത്രി 10.30 മുതൽ പുലർച്ചെ രണ്ട് വരെയാണ് കുതിര സേനയുടെ പട്രോളിംഗ്. വാഹനത്തിലിരുന്ന് കാണുന്നതിനേക്കാൾ ഉയരത്തിൽ കുതിരപ്പുറത്തിരുന്നാൽ കാണാം. കുറച്ച് നാൾ മുൻപ് കവടിയാറിൽ വീട്ടിൽ കയറാൻ ശ്രമിച്ച മോഷ്ടാവിനെ അതുവഴി പോയ കുതിര സേനയാണ് ഓടിച്ചിട്ട് പിടികൂടിയത്.
@സേനയിലുള്ളത് 11 കുതിരകൾ
6 പെൺ കുതിരകൾ,5 ആൺ കുതിരകൾ
കത്തിയവാരി,മാർവാരി ഇനങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |