തിരുവനന്തപുരം: ജില്ലയിൽ മഴയുടെ തീവ്രത കുറഞ്ഞു. ഇന്നലെ ജില്ലയിൽ മഞ്ഞ അലർട്ടായിരുന്നെങ്കിലും ഉച്ചയ്ക്കുശേഷം ശക്തമായ മഴ കാര്യമായി പെയ്തില്ല.ഞായറാഴ്ച ജില്ലയിൽ അലർട്ടില്ല.എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്യാൻ സാദ്ധ്യതയുണ്ട്. മലയോര മേഖലയിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം.
വിഴിഞ്ഞത്ത് വെള്ളിയാഴ്ചയുണ്ടായ ബോട്ടപകടത്തിൽ കാണാതായ ഒമ്പതുപേരിൽ എട്ടുപേരെ ഇന്നലെ രക്ഷപ്പെടുത്തി. ജില്ലയിൽ പലയിടത്തും കൃഷിനാശം റിപ്പോർട്ട് ചെയ്തു.പെരുങ്കടവിള, അതിയന്നൂർ, വാമനപുരം എന്നീ ബ്ലോക്കുകളിലാണ് കൃഷി നാശമുണ്ടായത്. പെരുങ്കടവിള ബ്ലോക്കിൽ 2.58 ഹെക്ടറും അതിയന്നൂർ ബ്ലോക്കിൽ 0.44 ഹെക്ടറും വാമനപുരം ബ്ലോക്കിൽ രണ്ട് ഹെക്ടർ കൃഷിയും നശിച്ചു.116ഓളം കർഷകരുടെ കൃഷിയാണ് നശിച്ചത്. ജില്ലയിൽ വെള്ളിയാഴ്ച മാത്രം 22.3 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായി റിപ്പോർട്ടുണ്ട്.
2 ദുരിതാശ്വസ ക്യാമ്പുകൾ
നിലവിൽ രണ്ടിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്.തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലാണ് ക്യാമ്പുകൾ.നിലവിലെ റിപ്പോർട്ടുകൾ പ്രകാരം 34 കുടുംബങ്ങളിലെ 79 പേരാണ് രണ്ട് ക്യാമ്പുകളിലായി കഴിയുന്നത്. തിരുവനന്തപുരം താലൂക്കിൽ ഈഞ്ചയ്ക്കൽ ഗവ.യു.പി.എസിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചത്. ഇവിടെ ഒരു കുടുംബത്തിലെ രണ്ടുപേരാണ് ഉള്ളത്.നെയ്യാറ്റിൻകര താലൂക്കിൽ പൊഴിയൂർ ഗവ. യു.പി.എസിലാണ് ദുരിതാശ്വാസ ക്യാമ്പുള്ളത്.ഇവിടെ നിലവിൽ 33 കുടുംബങ്ങളിലായി 77 പേരാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |