വിതുര: മലയോര വനമേഖലയിൽ മഴ കനക്കുന്നു. തൊളിക്കോട് വിതുര പഞ്ചായത്തുകളിലും സമീപ പഞ്ചായത്തുകളിലും ഒരാഴ്ചയായി മഴ കോരിച്ചൊരിയുകയാണ്. താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിൽമുങ്ങി. റോഡുകൾ താറുമാറായി. വ്യാപക കൃഷി നാശവുമുണ്ടായി. വിതുരയിലെ ആദിവാസിമേഖലകളിലും തോട്ടംമേഖലകളിലും അവസ്ഥ വിഭിന്നമല്ല.
അനവധി വീടുകൾ മഴയത്ത് തകർന്നു. കാറ്റത്ത് മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണതോടെ വൈദ്യുതിവിതരണവും താറുമാറായി.
കല്ലാർ, മൊട്ടമൂട്,ആറാനക്കുഴി,മരുതാമല,മണിതൂക്കി,പേപ്പാറ,പൊടിയക്കാല,ചാത്തൻകോട്, ചെമ്മാംകാല,അല്ലത്താര,ചണ്ണനിരവട്ടം,ചാമക്കര,കൊമ്പ്രാംകല്ല്, ജഴ്സിഫാം,ആനപ്പാറ,മണലി,ഒറ്റക്കുടി, തലത്തൂതക്കാവ് മേഖലകളിൽ നിന്നും നൂറുകണക്കിന് ആദിവാസി വിദ്യാർത്ഥികളാണ് വിതുര,തൊളിക്കോട്, മീനാങ്കൽ, പനയ്ക്കോട് സ്കൂളുകളിൽ പഠിക്കാനെത്തുന്നത്.
നിബിഡമായ വനമേഖലകളിൽ നിന്നാണ് ഇവർ നടന്ന് സ്കൂളുകളിലേക്ക് പോകുന്നത്. നേരത്തേ പൊടിയക്കാലയിൽ നിന്നും നടന്ന് സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ കാട്ടാനക്കൂട്ടം ആക്രമിച്ച സംഭവമുണ്ട്. മണലി മേഖലയിലും സമാനമായ സംഭവമുണ്ടായി.
കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷം
ആദിവാസിമേഖലകളിൽ നിലവിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. അടുത്തിടെ കാട്ടാനയും കാട്ടുപോത്തും മൂന്ന് പേരേ ആക്രമിച്ചിരുന്നു. മഴ കനത്തതോടെ പകൽ സമയങ്ങളിലും കാട്ടുമൃഗങ്ങൾ ആദിവാസിമേഖലകളിൽ ഇറങ്ങുന്നുണ്ട്. കാട്ടുമൃഗശല്യം രൂക്ഷമാകുമ്പോൾ ആദിവാസി വിദ്യാർത്ഥികൾ സ്കൂളിലേക്ക് പോകാറില്ല. ആദിവാസിമേഖലകളിലേക്കുള്ള റോഡുകളും മഴയായതോടെ താറുമാറായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |