ഗുരുവായൂർ: ഫാം ഫെഡ് (സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി) നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിൽ ഇതുവരെ ലഭിച്ചത് 46 പരാതികൾ. 60 കോടിയോളം രൂപ ഗുരുവായൂർ ശാഖ കേന്ദ്രീകരിച്ച് കമ്പനി നിക്ഷേപമായി സ്വീകരിച്ചിരുന്നതായാണ് സൂചന.
ചില ഉന്നതരടക്കം തട്ടിപ്പിനിരയായവരുടെ പട്ടികയിലുണ്ട്. നിക്ഷേപ തട്ടിപ്പിനെ തുടർന്ന് ഫാം ഫെഡ് ചെയർമാനെയും എം.ഡിയെയും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഗുരുവായൂർ ശാഖയിലെ നിക്ഷേപകർ പരാതികളുമായി ടെമ്പിൾ സ്റ്റേഷനിലെത്താൻ തുടങ്ങിയത്. ടെമ്പിൾ എസ്.എച്ച്.ഒ ജി.അജയ് കുമാർ, എസ്.ഐ പ്രീതാ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോടികളുടെ സാമ്പത്തിക തട്ടിപ്പ് എന്ന നിലയിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്ന കാര്യം പരിഗണിക്കുന്നുണ്ട്.
12 ശതമാനം മുതൽ 14 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് ഫാം ഫെഡ് നിക്ഷേപം സ്വീകരിച്ചിരുന്നത്. ആറ് മാസം മുമ്പ് വരെ പലിശ നൽകിയിരുന്നുവെന്ന് നിക്ഷേപകർ പറയുന്നു. 2008ലാണ് ഫാംഫെഡ് (സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി) ആരംഭിച്ചത്. 16 ശാഖകളാണ് സ്ഥാപനത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |