തിരുവനന്തപുരം:സ്കൂൾ, കോളേജ് പരിസരം കേന്ദ്രീകരിച്ച് നഗരത്തിലെ ലഹരി മാഫിയ സംഘങ്ങൾ വീണ്ടും സജീവം. ഇവിടങ്ങളിൽ ഇവരുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പും നൽകിയിട്ടുണ്ട്.സംഭവത്തിൽ എക്സൈസ്,പൊലീസ്,ഡാൻസാഫ് സംഘങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് ആവശ്യം. നഗരത്തിൽ വഴുതക്കാട്,പാളയം,നാലാഞ്ചിറ,വള്ളക്കടവ്,ചാക്ക,ശംഖുംമുഖം,പേട്ട,വഞ്ചിയൂർ ഭാഗങ്ങളിൽ വ്യാപക ലഹരി വില്പനകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഞ്ചാവ് കുറഞ്ഞ സ്ഥാനത്ത്,എം.ഡി.എം.എ,മെത്താഫെറ്റമിൻ ഗുളികകൾ,കൊക്കൈൻ എന്നിവ നഗരത്തിൽ വ്യാപകമാണ്.
ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് കച്ചവടം
തലസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്കൂൾ,കോളേജുകളിലെ ഹോസ്റ്റലുകളിൽ രഹസ്യമായി രാസലഹരി ഉപയോഗങ്ങൾ സജീവമാണെന്നും റിപ്പോർട്ടുണ്ട്. ലഹരി മാഫിയാസംഘങ്ങളുടെ വധഭീഷണിയെ തുടർന്ന് പല വിദ്യാർത്ഥികളും പരാതി നൽകാറില്ല.
അതിവേഗം,എല്ലാം അറിയുന്നവർ
എക്സൈസ്,പൊലീസിന്റെ നേതൃത്വത്തിൽ ലഹരിസംഘങ്ങളെ പൂട്ടാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ,ഇവർ അതിവേഗം വളരുകയാണ്. അധികൃതരുടെ നീക്കം കൃത്യമായി സംഘങ്ങളറിയുന്നുണ്ട്. ഇവർ ലഹരി എത്തിക്കുന്നത് കൃത്യമായ പദ്ധതിയിലാണ്. ചെറു മീനുകളെ പിടിക്കുന്ന എക്സൈസ് സംഘം മൊത്തക്കച്ചവടക്കാരെ തൊടാറില്ല.
ലഹരിയുടെ പ്രധാന സ്പോട്ടുകൾ
വഞ്ചിയൂർ
പാളയം സാഫല്യം കോംപ്ളക്സ് പരിസരം
പേട്ട വെൺപാലവട്ടം റോഡ്
വള്ളക്കടവ്,കിഴക്കേകോട്ട,മുട്ടത്തറ സ്വീവേജ് പ്ളാന്റ് റോഡ്
ഇൗഞ്ചയ്ക്കൽ ജംഗ്ഷൻ പരിസരം
ആനയറ പമ്പ് ഹൗസ് പരിസരം
കഴക്കൂട്ടം കാരോട് ബൈപ്പാസ്
അപകടങ്ങൾ പതിവുള്ള കഴക്കൂട്ടം, കാരോട് ബൈപ്പാസിലും ലഹരി വിപണനം സജീവമാണ്. വ്യാജ നമ്പർ പ്ളേറ്റുകൾ ഘടിപ്പിച്ച ബൈക്ക്,കാറിലെത്തുന്ന സംഘങ്ങൾ,യുവാക്കൾ,വിദ്യാർത്ഥികൾ എന്നിവർക്ക് ലഹരി കൈമാറുന്നത് പതിവാണ്. ലഹരി വസ്തുക്കൾ ഉപയോഗിച്ച് ചിലർ പ്രദേശങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്ന് പരാതികളുണ്ട്.ലഹരി ഉപയോഗിച്ച് വാഹനമോടിച്ച് അപകടമുണ്ടാകുമെങ്കിലും ഇക്കൂട്ടർ പൊലീസും നാട്ടുകാരും ഓടിക്കൂടുന്നതിന് മുന്നേ തടിതപ്പും.സ്ത്രീകൾ മുതൽ സ്കൂൾ,കോളേജ് വിദ്യാർത്ഥികൾ വരെ കഞ്ചാവ് മാഫിയകളുടെ ശൃംഖലയിലുണ്ടെന്നാണ് ആരോപണം.
ഉയരുന്ന ആവശ്യങ്ങൾ
1)സ്കൂൾ അധികൃതർ കൃത്യമായി നിരീക്ഷിക്കണം.സംശയം തോന്നുന്ന സാഹചര്യങ്ങൾ അധികൃതരെ അറിയിക്കുന്നതിന് വിമുഖത കാണിക്കരുത്.
2) രക്ഷകർത്താക്കൾക്ക് സംശയം തോന്നിയാൽ സ്കൂൾ അധികൃതരെ വിവരമറിയിക്കണം.
3) പേരിന് പരിശോധന നടത്താതെ കൃത്യമായ നിരീക്ഷണം എക്സൈസ്,പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |